വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാൻ കമലാ ഹാരിസ് ഡൊണാൾഡ് ട്രംപിനെ വിളിക്കും. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരക്ക് കമല പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയത്തിൽ അഭിനന്ദനമറിയിക്കാൻ പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെ വിളിക്കും. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത്
ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടി തകർപ്പൻ വിജയം ആണ് ട്രംപ് നേടിയത്.
കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്വിങ്സ്റ്റേറ്റുകളിൽ അടക്കം മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിർണായക സംസ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കി. പോപ്പുലർ വോട്ടുകൾ നോക്കിയാൽ 51 ശതമാനം അമേരിക്കക്കാർ ട്രംപിന് ഒപ്പംനിന്നു. കമലയ്ക്ക് കിട്ടിയാൽ 47 ശതമാനം വോട്ട് മാത്രം. ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ എത്തിക്കാനായി സ്ത്രീകളുടെ വോട്ട് വലിയ തോതിൽ വീഴുമെന്ന പ്രവചനം അമ്പേ പാളി.
അമേരിക്കൻ ജനപ്രതിനിധി സഭയിലും സെനറ്റിലും ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി മികച്ച മുന്നേറ്റം നടത്തി. 435 അംഗ ജനപ്രതിനിധി സഭയിൽ 204 ഇടത്ത് ട്രംപിന്റെ പാർട്ടി വിജയം ഉറപ്പിച്ചു. നൂറംഗ സെനറ്റും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ളതായി. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്. ജനുവരി 20 ന് അമേരിക്കയുടെ നാല്പത്തിയേഴാം പ്രെസിഡന്റായി ട്രംപ് അധികാരമേൽക്കും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു പ്രസിഡൻറ് വീണ്ടും ജയിച്ച് അധികാരത്തിൽ വരുന്നത് അമേരിക്കയുടെ ചരിത്രത്തിൽ 127 വർഷത്തിനു ശേഷമാണ്.