കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി ഡച്ച് സ്കൂള്‍

By: 600007 On: Nov 6, 2024, 5:06 PM

കുട്ടികളുടെ പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകൾ ഇനി മുതല്‍ അച്ഛനമ്മമാര്‍ കാണേണ്ടതില്ലെന്ന തീരുമാനത്തിലാണ് നെതര്‍ലാന്‍ഡിലെ ഒരു സെക്കന്‍ഡറി സ്കൂള്‍. 95 ശതമാനം രക്ഷിതാക്കളും ഈ നിർദ്ദേശം അംഗീകരിക്കുകയും രക്ഷാകർത്താക്കളുടെ കൗൺസിൽ 10 ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തതോടെ പരീക്ഷാ ഫലം പങ്കിടുന്നതിൽ സ്കൂൾ ഒരു മാസത്തെ താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി. നിലവിൽ, നെതർലാൻഡിൽ ഒരു ക്ലാസില്‍ നിന്നും അടുത്ത ക്ലാസിലേക്ക് പാസാകാന്‍ ഒരു നിശ്ചിത ഗ്രേഡ് ശരാശരി വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. ഇത് മൂലം കുട്ടികള്‍ക്ക് എപ്പോഴും ഉയര്‍ന്ന അക്കാദമിക് പ്രകടനം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് കുട്ടികളില്‍ അമിത സമ്മർദ്ദം സൃഷ്ടിക്കുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


നെതർലാന്‍ഡില്‍ കുട്ടികളുടെ പരീക്ഷാ ഫലം പങ്കുവയ്ക്കുന്ന ആപ്ലിക്കേഷന്‍ അച്ഛനമ്മമാർക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയും. ഇത് കുട്ടികളില്‍ അമിത സമ്മർദ്ദം സൃഷ്ടിക്കുന്നെന്ന് ജോർദാനിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ സ്റ്റിജിൻ ഉയിറ്റൻബോഗാർഡ് കണ്ടെത്തി.  അദ്ദേഹം യൂറ്റൻബോഗാർഡ് സ്കൂളിലെ പകുതിയോളം കുട്ടികളിൽ ഇതുസംബന്ധിച്ച് പഠനം നടത്തി. മാതാപിതാക്കള്‍ പതിവായി കുട്ടികളുടെ ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ തങ്ങളുടെ സമ്മര്‍ദ്ദം അഞ്ചില്‍ 2.7 ആയിട്ടായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം അച്ഛനമ്മമാര്‍ നിരന്തരം പരിശോധിക്കാത്ത കുട്ടികളാകട്ടെ രണ്ട് ലെവലോ അതിലും താഴെയോ ആയിരുന്നു സമ്മർദ്ദം രേഖപ്പെടുത്തിയത്.