കാനഡയിലെ ചില പ്രദേശങ്ങളിൽ കുട്ടികളിൽ, വാക്കിംഗ് ന്യുമോണിയ കേസുകൾ വർദ്ധിക്കുന്നതായി ഡോക്ടർമാർ. ന്യുമോണിയയുടെ മറ്റൊരു വകഭേദമാണ് വാക്കിംഗ് ന്യൂമോണിയ. ശ്വാസകോശ സംബന്ധമായ വൈറസുകൾ സാധാരണയായി പടർന്നു പിടിക്കുന്ന സമയത്ത് തന്നെയാണ് വാക്കിംഗ് ന്യുമോണിയ കേസുകളും കൂടുന്നത്.
പലപ്പോഴും പനി,ചുമ,ക്ഷീണം എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ. എന്നാൽ ചെറിയ വിഭാഗം രോഗികളിൽ ശ്വാസതടസ്സം, ഉയർന്ന പനി എന്നിവയും കാണുന്നുണ്ട്. പിഞ്ചുകുട്ടികളിലാണ് വാക്കിംഗ് ന്യൂമോണിയ കേസുകൾ കൂടുതലായി കാണുന്നതെന്ന് മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസ് ഡിവിഷൻ ഡയറക്ടർ ഡോ. ഏൾ റൂബിൻ പറഞ്ഞു. പൊതുജനാരോഗ്യ ഏജൻസികൾ വാക്കിംഗ് ന്യുമോണിയ ട്രാക്ക് ചെയ്യുന്നില്ലെങ്കിലും, ഒൻ്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ ഇത്തരം കേസുകൾ കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ അറിയിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് വാക്കിങ് ന്യൂമോണിയ കേസുകൾ ഇത്രയും കൂടുന്നത്. സാധാരണ ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമായുള്ള ആൻ്റിബയോട്ടിക്കുകളാണ്, വാക്കിംഗ് ന്യൂമോണിയ ചികിൽസയ്ക്ക് വേണ്ടതെന്ന് ടൊറൻ്റോ യൂണിവേഴ്‌സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ ഫാമിലി മെഡിസിൻ മേധാവി ഡോ. കാമിൽ ലെമിയൂക്‌സ് പറഞ്ഞു.