ബ്രാംപ്റ്റൻ സംഘർഷം, കാനഡയിലെ പഞ്ചാബി സമൂഹം ആശങ്കയിൽ

By: 600007 On: Nov 6, 2024, 12:11 PM

ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ ആക്രമണവും, ഖലിസ്ഥാൻ ഹിന്ദു തർക്കങ്ങളും  കാനഡയിലെ പഞ്ചാബുകാരെ ആശങ്കയിലാക്കിയാതായി റിപ്പോർട്ട് . കൂടുതൽ പഞ്ചാബികൾ താമസിക്കുന്ന ബ്രംപ്ടൺ മുതൽ സാറേ വരെയുള്ള പ്രദേശങ്ങളിലെ ഇന്ത്യക്കാർക്ക് തങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുള്ളതായാണ് റിപ്പോർട്ടുകൾ. താൽക്കാലിക വിസയിലുള്ളവരും സുരക്ഷ സംബന്ധിച്ച ആകുലതകൾ പങ്കു വെയ്ക്കുന്നുണ്ട്.

ഇത്തരം സംഘർഷങ്ങൾ ബ്രംപ്റ്റണും സറേയുമടക്കമുള്ള മേഖലകളിലെ  ഇന്ത്യൻ വിഭാഗങ്ങൾക്കിടയിലുള്ള  സാമൂഹിക ഐക്യം തകർക്കുമോയെന്നും ഇവിടത്തുകാർ ഭയപ്പെടുന്നുണ്ട്.  വർക്ക് പെർമിറ്റ് നീട്ടുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി ഇന്ത്യൻ ഗ്രൂപ്പുകൾ  സമാധാനപരമായി പ്രതിഷേധിക്കാറുണ്ട്. പുതിയ സംഘർഷം, ഇത്തരം സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള അവസരം പോലും ഇല്ലാതാക്കുമെന്നാണ് മറ്റ് ചിലരുടെ പരാതി. ഭാവി സുരക്ഷിതമാക്കാൻ കാനഡയിലെത്തിയവർക്ക്  ഈ അക്രമ സംഭവങ്ങളെല്ലാം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ആശങ്കയുണ്ട്. കാനഡയിൽ നിന്ന് മടങ്ങി പഞ്ചാബിൽ സ്ഥിരതാമസമാക്കിയ ഇന്ത്യാക്കാർ കാനഡയിൽ വിദ്യാഭ്യാസം , ജോലി ഉൾപ്പെടെയുള്ള കാര്യങ്ങളുമായി നിൽക്കുന്ന അവരുടെ മക്കളുടെ ഭാവിയിലും ആകുലത പ്രകടിപ്പിക്കുന്നുണ്ട്.