കാനഡയിലെ സിഖ് വംശജരെ ഇന്ത്യ ലക്ഷ്യം വെക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയോട് ആരോപണം ഉന്നയിച്ച് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് കാനഡയിലെ സിഖ് വംശജരെ ഒറ്റപ്പെടുത്തുന്നതില്‍ താന്‍ ആശങ്ക പങ്കുവെച്ചതായി പെന്നി വോങ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വെച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനഡയിലെ സംഭവവികാസങ്ങളും ആരോപണങ്ങളും ചര്‍ച്ച ചെയ്തതായി പെന്നി വോങ് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ ആളുകള്‍ ഏത് രാജ്യത്തെ പൗരന്മാരായാലും സുരക്ഷിതരായിരിക്കാനും ബഹുമാനിക്കാനും അവകാശമുണ്ടെന്നതാണ് സിഖ് സമൂഹത്തിനുള്ള തന്റെ സന്ദേശമെന്ന് വോങ് പറഞ്ഞു. ആരോപണങ്ങളെ സംബന്ധിച്ചുള്ള ആശങ്ക പങ്കുവെച്ചതായും കാനഡയുടെ ജുഡീഷ്യല്‍ പ്രക്രിയയെ തങ്ങള്‍ ബഹുമാനിക്കുന്നതായും വോങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, കാനഡയില്‍ സിഖ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചു. തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഇത് കാനഡയുടെ രീതിയാണെന്നും ജയശങ്കര്‍ പ്രതികരിച്ചു.