അമേരിക്കയിലെ ടെക്സസ് സ്വദേശിനിയായ ജൂനിപെർ ബ്രൈസൺ എന്ന സ്ത്രീ പ്രസവിച്ച് മണിക്കൂറുകൾക്കകം തന്‍റെ കുഞ്ഞിനെ ഫെയ്സ്ബുക്കിലൂടെ വിൽക്കാന്‍ ശ്രമിച്ചതായി കേസ്. കുഞ്ഞിനെ ദത്തെടുക്കാൻ സാധ്യതയുള്ള ആളുകള്‍ക്ക് വേണ്ടി യുവതി ഒരു സമൂഹ മാധ്യമ ഓൺലൈൻ ഗ്രൂപ്പിൽ കുട്ടിയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തതായും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ നിരവധി സ്വവർഗ ദമ്പതികളും മറ്റുള്ളവരും കുട്ടിയെ ദത്തെടുക്കാനുള്ള തങ്ങളുടെ താത്പര്യം യുവതിയെ അറിച്ചു. എന്നാല്‍ കുട്ടിയെ കൈമാറുന്നതിന് ഇവര്‍ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് പോലീസ്, ജൂനിപെർ ബ്രൈസണിനെ അറസ്റ്റ് ചെയ്തത്.
ജൂനിപെർ ബ്രൈസണിന് 21 വയസാണ് പ്രായം. 'പ്രസവിച്ച അമ്മ, ദത്തെടുക്കാന്‍ മാതാപിതാക്കളെ തെരയുന്നു' എന്ന കുറിപ്പോടെയാണ് യുവതി തന്‍റെ മകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കുട്ടിയെ ഏറ്റെടുക്കുന്നതിനായി അവർ ഒരു കുടുംബാംഗത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയെ നല്‍കുന്നതിന് പകരമായി അവര്‍ പണം ആവശ്യപ്പെട്ടു. പുതിയൊരു അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറാനും ജോലി തേടാനുമുള്ള പണമോ അതല്ലെങ്കില്‍ വീടിന്‍റെ ഡൗൺ പേയ്മെന്‍റ് നല്‍കാനുള്ള പണമോ അവര്‍ ആവശ്യപ്പെട്ടതായി പോലീസ് രേഖകളും പറയുന്നു.