ബ്രാംടൺ ക്ഷേത്രത്തിലെ അക്രമം, മൂന്ന് പേർ അറസ്റ്റിൽ

By: 600007 On: Nov 5, 2024, 10:52 AM

 

കാനഡയിലെ ബ്രാംപ്ടണിലെ  ഹിന്ദു ക്ഷേത്രത്തിന് പുറത്തുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ അറസ്സിൽ. ഒരു പൊലീസുകാരനെ സസ്പെൻ്റ്  ചെയ്തിട്ടുമുണ്ട്. ഖാലിസ്ഥാൻ അനുകൂലികളായിരുന്നു അക്രമത്തിന് പിന്നിൽ. ഖാലിസ്ഥാൻ വാദികൾ ബാനറുകൾ പിടിച്ച് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നുണ്ട്. 

സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിയാവ്‌, എൻഡിപി നേതാവ് ജഗ്മീത് സിങ് എന്നിവർ രംഗത്തെത്തിയിരുന്നു. ഓരോ  കനേഡിയൻ പൗരനും  തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും  മുന്നോട്ട് കൊണ്ട് പോകാൻ   അവകാശമുണ്ടെന്ന്   ട്രൂഡോ പറഞ്ഞു. എന്നാൽ പെൻഷൻ ആവശ്യങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ് ഉണ്ടായതെന്നാണ് സിഖ് ഫോർ ജസ്റ്റിസിൻ്റെ വാദം. മുതിർന്നവർക്കുള്ള പെൻഷൻ  ഉൾപ്പെടെയുള്ള ഭരണപരമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായിരുന്നു  ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തിയത്. ഇവരുടെ സാന്നിധ്യത്തിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ്   സിഖ് ഫോർ ജസ്റ്റിസിൻ്റെ വാദം. ഹിന്ദു വിശ്വാസികളാണ് പ്രകോപനം ഉണ്ടാക്കിയതെന്നും അവർ ആരോപിച്ചു. അതേ സമയം  പ്രാദേശികമായി അധികൃതർ ഒരുക്കുന്ന  സുരക്ഷ കൂടി കണക്കിലെടുത്താകും ഭാവിയിലെ ക്ഷേത്ര സന്ദർശനമെന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.