യുഎസ്-കാനഡ അതിര്‍ത്തിയില്‍ പോര്‍ട്ട് ഹുറോണില്‍ നടന്ന വന്‍ ലഹരി മരുന്ന് വേട്ടയില്‍ 16.5 മില്യണ്‍ ഡോളറിന്റെ കൊക്കെയ്‌നുമായി ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റിലായതായി സെന്റ് ക്ലെയര്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പീല്‍ റീജിയണില്‍ താമസിക്കുന്ന സുഖ്ജിന്ദര്‍ സിംഗ്(29) എന്നയാളാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 15 ന് പൈന്‍ ഗ്രോവ് അവന്യുവില്‍ ട്രാഫിക് സ്റ്റോപ്പിലാണ് സിംഗിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. 1,000 ഗ്രാമോ അതിലധികമോ കണ്‍ട്രോള്‍ഡ് സബ്‌സ്റ്റന്‍സ് ഡെലിവറി നടത്തിയെന്ന കുറ്റമാണ് ഇപ്പോള്‍ സിംഗിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഡ്രഗ് ടാസ്‌ക് ഫോഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് സെന്റ് ക്ലെയര്‍ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.
ഒക്ടോബര്‍ 18 ന് സിംഗിനെ കോടതിയില്‍ ഹാജരാക്കി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ അമേരിക്കന്‍ തടവില്‍ ജീവപര്യന്തവും ഒരു മില്യണ്‍ ഡോളര്‍ വരെ പിഴയും ലഭിക്കുമെന്നാണ് വിവരം.
അതിര്‍ത്തി വഴി കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കടത്തുന്നത് തുടരുകയാണ്. ഓഗസ്റ്റില്‍ 42 കാരനായ കനേഡിയന്‍ ട്രക്കര്‍സ ജൂലി സബോസന്‍ സത്യശീലന്‍ ബ്ലൂവാട്ടര്‍ ബ്രിഡ്ജില്‍ 266 പൗണ്ട് കൊക്കെയ്‌നുമായി പിടിയിലായിരുന്നു.