ന്യൂബ്രണ്‍സ്‌വിക്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അഞ്ചാംപനി കേസുകള്‍ ഇരട്ടിയിലധികമായി 

By: 600002 On: Nov 5, 2024, 11:32 AM

 

ഫ്രെഡറിക്ടണും അപ്പര്‍ സെന്റ് ജോണ്‍ റിവര്‍ വാലിയും ഉള്‍പ്പെടുന്ന ന്യൂബ്രണ്‍സിവിക്കിന്റെ സോണ്‍-3 ല്‍ പൊട്ടിപ്പുറപ്പെട്ട അഞ്ചാംപനി കഴിഞ്ഞയാഴ്ച മുതല്‍ ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുതല്‍ ഏഴ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മേഖലയില്‍ അഞ്ചാംപനി കേസുകളുടെ എണ്ണം 12 ആയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും അപകടസാധ്യത കുറയ്ക്കുന്നതിന് ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി. 

ഒക്ടോബര്‍ 24 നാണ് ഫ്രെഡറിക്ടണ്‍, കാള്‍ട്ടണ്‍ കൗണ്ടി ഏരിയകളില്‍ അഞ്ചാംപനി കേസുകള്‍ വ്യാപിച്ചുതുടങ്ങിയത്. തുടര്‍ന്ന് ന്യൂബ്രണ്‍സ്‌വിക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അഞ്ചാം പനിയ്‌ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ഹൊറൈസണ്‍ ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക് സോണ്‍-3 ല്‍ അഞ്ചാംപനി വാക്‌സിന്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നവംബര്‍ 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ കാള്‍ട്ടണ്‍ നോര്‍ത്തിലെ സെന്റര്‍വില്ലെ ഡിസ്ട്രിക്റ്റിലെ വെസ്‌റ്റേണ്‍ വാലി മള്‍ട്ടിപ്ലക്‌സില്‍ വാക്‌സിന്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.15 മുതല്‍ വൈകിട്ട് 4.30 വരെ പ്രവിശ്യാ ഷെഡ്യൂളര്‍ വഴിയോ 1-833-437-1424 എന്ന നമ്പറില്‍ ടെലി സര്‍വീസുകളെ വിളിച്ചോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് പബ്ലിക് ഹെല്‍ത്ത് അറിയിക്കുന്നു.