ഒൻ്റാരിയോയിൽ റൈഡ് ഷെയർ ഡ്രൈവർമാർക്കെതിരെ പരാതി രൂക്ഷമാകുന്നു. അമിത ചാർജ്ജ് ഈടാക്കുന്നതിന് പുറമെ, തുക ക്യാഷായി നല്കണമെന്ന് ആവശ്യപ്പെടുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു. അമിത ചാർജ്ജ് വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് ട്രിപ്പ് റദ്ദാക്കിയതോടെ അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ അനുഭവവും ചിലർക്കുണ്ട്.
ലിഫ്റ്റ്, ഊബർ തുടങ്ങിയ കമ്പനികൾ ക്യാഷ് പെയ്മെൻ്റുകൾ നിരോധിച്ചിട്ടുണ്ട്. എങ്കിലും രാത്രി വൈകിയുള്ള ദൂരയാത്രകളിൽ ഡ്രൈവർമാർ യാത്രാക്കൂലി ക്യാഷായി തന്നെ വേണമെന്ന് ആവശ്യപ്പെടും. നല്കാത്ത പക്ഷം ട്രിപ് ക്യാൻസൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാൽ പലരും ക്യാഷായി തന്നെ നല്കുകയാണ് പതിവ്. ക്യാഷായി നല്കുമ്പോൾ പലപ്പോളും ആപ്പിൽ ഉള്ളതിനേക്കാൾ കൂടുതലും നല്കേണ്ടി വരും. അടുത്തിടെ ഒരു ലിഫറ്റ് ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം ഒരു യാത്രക്കാരി വിവരിക്കുന്നതിങ്ങനെ. ആപ്ലിക്കേഷനിൽ കാണിക്കുന്നതനുസരിച്ച് 62 ഡോളറായിരുന്നു യാത്രക്കൂലി. എന്നാൽ ഇതിൽ 18 ഡോളർ മാത്രമെ തനിക്ക് ലഭിക്കൂ എന്നും അതിനാൽ ട്രിപ് ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും തനിക്ക് ക്യാഷായി നല്കണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. ഉടൻ വീട്ടിലെത്താനുള്ള തത്രപ്പാടിൽ യുവതി അതിന് സമ്മതിക്കുകയും ചെയ്തു. Lyft, Uber പോലുള്ള ആപ്പുകളിൽ ലൊക്കേഷൻ പങ്കിടലും ട്രാക്കിംഗും ഉണ്ട്. എന്നാൽ ട്രിപ് റദ്ദാക്കിയാൽ, ഈ ഫീച്ചറുകൾ ഉപയോക്താവിന് ലഭ്യമാവില്ല. അതിനാൽ വൈകിയുള്ള ഇത്തരം യാത്രകളിൽ സുരക്ഷയും പ്രശ്നമാകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇത്തരം പല രീതിയിലുള്ള പരാതികൾ വ്യാപകമായിട്ടും ലിഫ്റ്റ്, ഊബർ പ്ലാറ്റ്ഫോമുകൾ പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നില്ലെന്നും വിമർശനമുണ്ട്