അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്കയില്‍ നിന്നും പിടികൂടി കൈമാറാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ 

By: 600002 On: Nov 4, 2024, 10:25 AM

 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പിടികിട്ടാപ്പുള്ളിയും ജയിലിലായ അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനുമായ അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്കയില്‍ നിന്നും പിടികൂടി കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ഒളിവില്‍ കഴിയുന്ന അന്‍മോളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രസ്താവന. അന്വേഷണം നടക്കുകയാണെന്നും വിഷയം നിയമപരമാണ്, അതിനാല്‍ നടപടിക്രമങ്ങളുണ്ടെന്നും അതിനനുസരിച്ച് നടപടി കൈക്കൊള്ളുമെന്നും അന്‍മോല്‍ ബിഷ്‌ണോയിയെ കൈമാറുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മറുപടി നല്‍കി. 

സല്‍മാന്‍ കേസില്‍ അന്‍മോലിനെതിരെ മുംബൈ പോലീസ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അമേരിക്ക വിവരം നല്‍കിയത്. ഇതോടെ അന്‍മോല്‍ ബിഷ്‌ണോയിയെ പിടികൂടി കൈമാറാനുള്ള നടപടികള്‍ക്ക് അനുമതി തേടി മുംബൈ ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.