ചരിത്രത്തിൽ ആദ്യമായി വനിത പ്രസിഡന്റ് ഉണ്ടാകുമോ? അമേരിക്കയിലേക്ക് കണ്ണുനട്ട് ലോകം, തെരഞ്ഞെടുപ്പ് നാളെ

By: 600007 On: Nov 4, 2024, 3:35 AM

വാഷിങ്ടൺ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം. നിർണായക സംസ്ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ് മാത്രമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേയും പറയുന്നു. 


വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ന്യൂയോർക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സർവേ അനുസരിച്ച് ഏഴ് നിർണായക സംസ്ഥാനങ്ങളിൽ നാലിടത്ത് കമല ഹാരിസിന് നേരിയ മുൻതുക്കമുണ്ട്. നെവാഡ, നോർത്ത് കാരലൈന, വിസ്കോൺസിൻ, ജോർജിയ സംസ്ഥാനങ്ങളിൽ ആണ് കമല ഹാരിസിന് നേരിയ മുൻ‌തൂക്കമുള്ളത്. മിഷിഗൻ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണ്. അരിസോണയിൽ ഡോണൾഡ്‌ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. അവസാന ദിവസങ്ങളിൽ ട്രംപ് നില മെച്ചപ്പെടുത്തി എന്നാണ് സർവേ നൽകുന്ന സൂചന. 16 കോടിയിലേറെ വോട്ടർമാരിൽ പകുതിയോളം പേർ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞുതുടങ്ങും.

അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ എറിക് വിഷാർട്ട് പ്രതികരിച്ചു. മാധ്യമങ്ങൾ ഒരു സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും കമല ഹാരിസിനെ പിന്തുണയ്ക്കാനുള്ള തീരുമാനം വാഷിംഗ്ടൺ പോസ്റ്റ് പിൻവലിച്ച സമയം പാളിയെന്നും വിഷാർട്ട്  പറഞ്ഞു.