താനുണ്ടാക്കുന്ന ഉല്പ്പന്നങ്ങൾ, അപൂർവ്വമായി, ഫേസ്ബുക് വഴി വില്ക്കാറുണ്ട് കാൽഗറി സ്വദേശിയായ ഹെതർ ഹഡ്സൻ. എന്നാലൊരിക്കലും, തന്‍റെ മേൽവിലാസം, അവർ അപരിചിതർക്ക് കൈമാറാറില്ല. എന്നിട്ടും പലപ്പോഴായി അവരെ അന്വേഷിച്ച് പലരും വീട്ടിലെത്തുന്നത് പതിവായതോടെയാണ് പുതിയൊരു തട്ടിപ്പിനെക്കുറിച്ച് ഹെതർ ആദ്യമായി അറിയുന്നത്.
തങ്ങൾ മുൻകൂർ പണമടച്ച് ഓർഡർ ചെയ്ത ഉല്പ്പന്നങ്ങൾ തേടിയാണ് പലരും ഹെതറിൻ്റെ വീടിന് മുന്നിലെത്തിയത്. എന്നാൽ ഹെതറിനാകട്ടെ ഇതേക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു താനും. കഴിഞ്ഞ മാർച്ചിലായിരുന്നു ഇതാദ്യം സംഭവിച്ചത്. തുടർന്നത് പതിവായി. വരുന്നവർ പണം നൽകിയതിന്റെ രേഖകൾ അടക്കം കാണിക്കാറുണ്ട്. അത് കൊണ്ട് തന്നെ തങ്ങൾ പറ്റിക്കപ്പെട്ടെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കുക ബുദ്ധിമുട്ടാണെന്നും ഹെതർ പറയുന്നു.
ഇതൊരു ശല്യമായതോടെ ഹെതർ പൊലീസിനെ സമീപിച്ചു. എന്നാൽ ഹെതറിന് നേരിട്ടുള്ള ഭീഷണിയില്ലാത്തതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പൊലീസിൻ്റെ മറുപടി. ഫേസ്ബുക് വഴി ഇത്തരം തട്ടിപ്പ് വ്യാപകമാണെന്നും പൊലീസ് ഹെതറിനെ അറിയിച്ചു. തങ്ങളുടേതല്ലാത്ത മേൽവിലാസങ്ങൾ ഉപയോഗിച്ചായിരിക്കും തട്ടിപ്പുകാർ ഓൺലൈനിൽ പല സാധനങ്ങൾ വില്പന നടത്തുക. പല വിധ തന്ത്രങ്ങളിലൂടെയാണ് ഇതിനായി ഇവർ യഥാർത്ഥ മേൽവിലാസങ്ങൾ ശേഖരിക്കുക. പേയ്‌മെൻ്റുകൾ നടത്തുന്നതിന് മുമ്പ് പരമാവധി ജാഗ്രത പുലർത്തുകയാണ് ഇത്തരം തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ ചെയ്യേണ്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. വിലാസവും ഉല്പന്നങ്ങളുടെ വിശദാംശങ്ങളും പലതവണ പരിശോധിച്ചതിന് ശേഷം മാത്രമെ പണം നൽകാവൂ. അല്ലെങ്കിൽ ഇത്തരം പലവിധ തട്ടിപ്പുകൾക്ക് ഇരയാവേണ്ടി വരുമെന്നും പോലീസ് പറയുന്നു.