ബ്രിട്ടീഷ് കൊളംബിയയില്‍ നടത്തിയ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ലാബ് വേട്ടയില്‍ അറസ്റ്റിലായത് ഇന്ത്യന്‍ വംശജന്‍. ഗഗന്‍പ്രീത് രണ്‍ധാവെ എന്നയാളെയാണ് ആര്‍സിഎംപി കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കടത്ത്, വിതരണം, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. അത്യാധുനിക ലാബില്‍ മയക്കുമരുന്ന് നിര്‍മാണത്തിന് പ്രധാനമായും നേതൃത്വം നല്‍കിയതും ലാബിന്റെ സൂത്രധാരനും രണ്‍ധാവെയാണെന്ന് പോലീസ് പറയുന്നു.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രഗ് സൂപ്പര്‍ലാബാണ് തകര്‍ത്തതെന്ന് ആര്‍സിഎംപി പറയുന്നു. കാംലൂപ്‌സിന് കിഴക്ക് ഫോക്ക്‌ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍ ലാബില്‍ അന്താരാഷ്ട്ര സംഘടിത കുറ്റവാളികള്‍ നിരോധിത വസ്തുക്കള്‍ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് ആര്‍സിഎംപിയുടെ പസഫിക് മേഖലയിലെ ഫെഡറല്‍ പോലീസിംഗ് കമാന്‍ഡറും അസിസ്റ്റന്റ് കമ്മീഷണറുമായ ഡേവിഡ് ടെബൗള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒക്ടോബര്‍ 25 ന് നടത്തിയ റെയ്ഡില്‍ 390 കിലോഗ്രാം മെത്താംഫെറ്റാമൈന്‍, 54 കിലോഗ്രാം ഫെന്റനൈല്‍, 35 കിലോഗ്രാം കൊക്കെയ്ന്‍, 15 കിലോഗ്രാം എംഡിഎംഎ, 50 കാലിബര്‍ മെഷീന്‍ ഗണ്ണുകള്‍, മള്‍ട്ടിപ്പിള്‍ ലോഡഡ് തോക്കുകള്‍ എന്നിവ ഉള്‍പ്പെടെ 89 തോക്കുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.