കാൽഗറിയിൽ വാടക നിരക്ക് കുറയുന്നു

By: 600007 On: Nov 1, 2024, 9:28 AM

 

കാൽഗറിയിൽ വീട്ടു വാടകയിൽ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായി പുതിയ കണക്കുകൾ. Rentals.ca തുടങ്ങിയ വെബ്സൈറ്റുകളൽ നിന്നുള്ള വിവരങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഡിമാൻ്റിൽ നേരിയ കുറവ് രേഖപ്പെട്ട് തുടങ്ങിയതോടെ മൂവ്-ഇൻ ബോണസുകൾ പോലെയുള്ള വാടക ആനുകൂല്യങ്ങളും മടങ്ങിയെത്തിയിട്ടുണ്ട്. 

ടൊറൊണ്ടോ, വാൻകൂവർ നഗരങ്ങളെ അപേക്ഷിച്ച് വാടകച്ചെലവ് കുറവുള്ള നഗരമായിരുന്നു കാൽഗറി. അതിനാൽ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിയതോടെ, കഴിഞ്ഞ വർഷങ്ങളിൽ, നഗരത്തിലെ വാടക നിരക്കുകൾ വർധിച്ചിരുന്നു. എന്നാൽ ഇതിന് മാറ്റം വന്നു തുടങ്ങിയതായാണ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ നല്കുന്ന സൂചന. ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ വാടകയിൽ നേരിയ കുറവ് അനുഭവപ്പെട്ട് തുടങ്ങിയതായാണ് റിപ്പോർട്ടുകളിലുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായാണ് വാടകയിൽ കുറവ് അനുഭവപ്പെടുന്നത്. പണി പൂർത്തിയായി കൂടുതൽ വീടുകൾ ലഭ്യമായതോടെ, വാടകയ്‌ക്ക് വേണ്ടിയുള്ള ഡിമാൻഡ് ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു. കഴിഞ്ഞ വർഷം പുതിയ വീടുകളുടെ നിർമ്മാണത്തിൽ കാൽഗറി റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ ജനസംഖ്യാ വളർച്ച മന്ദഗതിയിലായതും ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുന്നതുമെല്ലാം ഭാവിയിൽ ഡിമാൻ്റ് കുറച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇതെല്ലാം വാടക നിരക്കിനെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.