ബ്രിട്ടീഷ് കൊളംബിയയില്‍ ഏറ്റവും വലുതും അത്യാധുനികവുമായ മയക്കുമരുന്ന് ലാബ് തകതര്‍ത്തതായി ആര്‍സിഎംപി ഫെഡറല്‍ ഇന്‍വെസ്റ്റിഗെറ്റേഴ്‌സ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രഗ് സൂപ്പര്‍ലാബ് ആണ് തങ്ങള്‍ തകര്‍ത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാംലൂപ്‌സിന് കിഴക്ക് ഫോക്ക്‌ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍ ലാബില്‍ അന്താരാഷ്ട്ര സംഘടിത കുറ്റവാളികള്‍ നിരോധിത വസ്തുക്കള്‍ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് ആര്‍സിഎംപിയുടെ പസഫിക് മേഖലയിലെ ഫെഡറല്‍ പോലീസിംഗ് കമാന്‍ഡറും അസിസ്റ്റന്റ് കമ്മീഷണറുമായ ഡേവിഡ് ടെബൗള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒക്ടോബര്‍ 25 ന് നടത്തിയ റെയ്ഡില്‍ 390 കിലോഗ്രാം മെത്താംഫെറ്റാമൈന്‍, 54 കിലോഗ്രാം ഫെന്റനൈല്‍, 35 കിലോഗ്രാം കൊക്കെയ്ന്‍, 15 കിലോഗ്രാം എംഡിഎംഎ, 50 കാലിബര്‍ മെഷീന്‍ ഗണ്ണുകള്‍, മള്‍ട്ടിപ്പിള്‍ ലോഡഡ് തോക്കുകള്‍ എന്നിവ ഉള്‍പ്പെടെ 89 തോക്കുകള്‍ എന്നിവ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന കുറ്റവാളിയായ ഗഗന്‍പ്രീത് രണ്‍ധാവെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസര്‍ അറിയിച്ചു.
വീര്യമേറിയ സ്‌ഫോടക വസ്തുക്കള്‍, വെടിമരുന്ന്, തോക്ക് സൈലന്‍സറുകള്‍, ഉയര്‍ന്ന ശേഷിയുള്ള മാഗസിനുകള്‍, ബോഡി ആര്‍മര്‍, 500,000 ഡോളര്‍ എന്നിവയും പിടിച്ചെടുത്തവയിലുണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ മയക്കുമരുന്ന് സംഘങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഈ സൂപ്പര്‍ ലാബുമായി ബന്ധപ്പെട്ടാണെന്ന് സംശയിക്കുന്നതായി ടെബൗള്‍ പറയുന്നു. കാനഡയില്‍ മാത്രമല്ല, വിദേശത്തേക്കും മയക്കുമരുന്ന് കടത്തല്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈയാഴ്ച ആദ്യം വാന്‍കുവര്‍ ഐലന്‍ഡില്‍ ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് കഞ്ചാവ്, നിരോധിത പുകയില എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സംഘടിത കുറ്റവാളി ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് നിഗമനം. കൂടാതെ, ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗം മൂലം ബീസിയിലെ അന്തര്‍ദേശീയ കുറ്റകൃത്യങ്ങളുടെ ഭീഷണി ഉയര്‍ത്തുന്നതായും അധികൃതര്‍ പറഞ്ഞു.
രാജ്യത്തെയും പ്രവിശ്യയിലെയും ജനങ്ങള്‍ക്ക് പൊതുസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഈ റെയ്‌ഡെന്ന് ടെബൗള്‍ കൂട്ടിച്ചേര്‍ത്തു. പിടിയിലായ രണ്‍ധാവ നിലവില്‍ കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കടത്ത്, വിതരണം, അനധികൃതമായി തോക്ക് കൈവശെ വെക്കല്‍ തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതായും അദ്ദേഹം വ്യക്തമാക്കി.