ബിപിഎൽ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി പി ജി നമ്പ്യാർ അന്തരിച്ചു

By: 600007 On: Oct 31, 2024, 11:49 AM

 

 

ബെം​ഗളൂരു: പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.

 

ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963-ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. അതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു തുടക്കം.

1982-ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്ക് കടന്നു ബിപിഎൽ. പിന്നീട് 1990-കൾ വരെ ഇന്ത്യൻ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ രംഗത്തെ അതികായരായി ബിപിഎൽ മാറി. 1990-കളിൽ ഉദാരവൽക്കരണകാലം മുതൽ വിദേശ കമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎൽ പിന്നീട് ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോൾ മെഡിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണ രംഗത്താണ് ബിപിഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടിപിജി നമ്പ്യാർക്ക് വ്യവസായ രംഗത്തെ നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയിൽ ബെംഗളുരു ബയ്യപ്പനഹള്ളി ടെർമിനലിനടുത്തുള്ള കൽപ്പള്ളി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

തന്‍റെ ഭാര്യാപിതാവിന്‍റെ വിയോഗം ഏവരേയും വ്യസന സമേതം അറിയിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നും ജനപ്രിയമായി തുടരുന്ന, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നിന് തുടക്കമിട്ട അദ്ദേഹം ദീർഘവീക്ഷണവും ഏറെ കാഴ്ചപ്പാടുകളുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു. കേരളത്തിലെ മൂന്ന് ദിവസത്തെ  ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് ചേലക്കരയിൽ നിന്ന് കുടുംബത്തോടൊപ്പം ചേരുന്നതിനായി  ബംഗളുരുവിലേക്ക്  മടങ്ങുകയാണെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.