പബ്ലിക് ട്രാന്‍സിറ്റ് കാര്യക്ഷമമായി ഉപയോഗിക്കാനും പൊതു സുരക്ഷയ്ക്കുമായി ഗതാഗത നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി കാല്‍ഗറി സിറ്റി കൗണ്‍സില്‍. പുതിയ നിയമപ്രകാരം ട്രാന്‍സിറ്റ് പാസുകളില്‍ കൃത്രിമം കാണിക്കുകയോ വ്യാജ പകര്‍പ്പുകള്‍ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. യാത്രക്കാരുടെ നോണ്‍-ഡെസ്റ്റിനേഷന്‍ യൂസ് തടയാനായി യാത്രാ ടിക്കറ്റിന്റെ തെളിവ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കും.
12 വയസ്സും അതില്‍ താഴെയും പ്രായമുള്ളവര്‍ക്കായുള്ള സൗജന്യ നിരക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാരോട് വയസ് തെളിയിക്കുന്ന രേഖ ആവശ്യപ്പെടാന്‍ ട്രാന്‍സിറ്റ് പീസ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കും. യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഇരട്ടി പിഴ ഈടാക്കും. കൂടാതെ, ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാര്‍, ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കുള്ള പിഴ വര്‍ധിപ്പിച്ചു. ട്രാന്‍സിറ്റ് സിസ്റ്റത്തില്‍ ആയുധം കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.