ചെറിയ രോഗങ്ങള്‍ക്ക് സിക്ക് നോട്ടുകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ 

By: 600002 On: Oct 30, 2024, 11:32 AM


ജലദോഷം, വയറുവേദന തുടങ്ങി ചെറിയ ഹ്രസ്വകാല രോഗങ്ങള്‍ക്ക് ജീവനക്കാര്‍ക്കുള്ള സിക്ക് നോട്ട് റിക്വയര്‍മെന്റ്‌സ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍( സിഎംഎ). തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പൊസിഷന്‍ പേപ്പറില്‍ സിക്ക് നോട്ടുകള്‍ ഡോക്ടര്‍മാരെ അനാവശ്യ അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതാരാക്കുന്നുവെന്നും സിക്ക് നോട്ട് റിക്വയര്‍മെന്റ്‌സ് ഒഴിവാക്കുന്നതിലൂടെ പ്രതിവര്‍ഷം 12.5 മില്യണിലധികം അനാവശ്യ ഹെല്‍ത്ത് കെയര്‍ ഇന്ററാക്ഷനുകള്‍ തടയാന്‍ കഴിയുമെന്നും സിഎംഎ ചൂണ്ടിക്കാണിക്കുന്നു. 

സിഎംഎയ്ക്കായി അബാക്കസ് ഡാറ്റ നടത്തിയ 1,500 ജീവനക്കാരില്‍ നടത്തിയ സര്‍വേയില്‍, ജോലി ചെയ്യുന്ന കനേഡിയന്‍ പൗരന്മാരില്‍ മൂന്നിലൊന്ന് പേരും അവരുടെ തൊഴിലുടമകളും ഒരു തവണയെങ്കിലും രോഗം ബാധിച്ചതിനെ തുടര്‍ന്ന് അവധി സമര്‍പ്പിക്കാന്‍ സിക്ക് നോട്ടിനായി ഡോക്ടര്‍മാരെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും നിരാശാജനകമാണെന്നും അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള രോഗികളെ പരിചരിക്കാന്‍ സമയം ഫലപ്രദമാക്കാനാണ് ഡോക്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്നും സിഎംഎ പ്രസിഡന്റ്  ഡോ. ജോസ് റീമര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ജോലിക്ക് കയറുന്നതിന് മുമ്പ് സിക്ക് നോട്ട് കാണിക്കേണ്ടതിനാല്‍ പല സന്ദര്‍ഭങ്ങളിലും ജീവനക്കാര്‍ രോഗലക്ഷണങ്ങള്‍ ശമിച്ചതിന് ശേഷമാണ് ഡോക്ടര്‍മാരെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത് തങ്ങള്‍ക്ക് സമയനഷ്ടമുണ്ടാക്കുന്നു, ജീവനക്കാരും വെറുതെ സമയം പാഴാക്കുകയാണെന്ന് കോളേജ് ഓഫ് ഫാമിലി ഫിസിഷ്യന്‍സ് ഓഫ് കാനഡ പ്രസിഡന്റ് ഡോ. മൈക്കല്‍ ഗ്രീനും അഭിപ്രായപ്പെടുന്നു. വര്‍ഷങ്ങളായി ചെറിയ അസുഖങ്ങള്‍ക്ക് സിക്ക് നോട്ട് ആവശ്യപ്പെടരുതെന്ന് തൊഴിലുടമകളോട് കോളേജ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സിക്ക് നോട്ടുകള്‍ക്ക് ബദല്‍ മാര്‍ഗം എന്ന നിലയില്‍, ജീവനക്കാരില്‍ നിന്നുള്ള സൈന്‍ഡ് ഡിക്ലറേഷന്‍, റിട്ടേണ്‍-ടു-വര്‍ക്ക് ഇന്റര്‍വ്യൂ, എംപ്ലോയീ ചെക്ക് ഇന്‍ എന്നിവ സിഎംഎ നിര്‍ദ്ദേശിക്കുന്നു.