രാജ്യത്ത് ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നയി റിപ്പോർട്ട്. ഫുഡ് ബാങ്ക്സ് കാനഡയുടെ റിപ്പോർട്ടിലെ കണക്കനുസരിച്ച് 2024 മാർച്ചിൽ രണ്ട് ദശലക്ഷത്തിലധികം പേരാണ് ഫുഡ് ബാങ്കുകൾ സന്ദർശിച്ചത്.കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം കൂടുതലാണ് ഇത്. അഞ്ച് വർഷം മുൻപുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായും വർധിച്ചിട്ടുണ്ട്.
പണപ്പെരുപ്പത്തിലുണ്ടായ വർധനയും, ഉയർന്ന ഭവന ചെലവുകളും, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അഭാവവുമെല്ലാം ഒട്ടേറപ്പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇതാണ് ഫുഡ് ബാങ്ക് ഉപയോഗത്തിലെ വർദ്ധനവിന് കാരണം. പുതുതായി രാജ്യത്ത് എത്തുന്നവർ, വാടകയ്ക്ക് താമസിക്കുന്നവർ, വൈകല്യമുള്ളവർ, പ്രായമായവർ, കുട്ടികളുള്ള കുടുംബങ്ങൾ തുടങ്ങിയവരാണ് ഫുഡ് ബാങ്കുകളെ ഉപയോഗപ്പെടുത്തുന്നവരിൽ ഏറെയും. ഇതേ തുടർന്ന് കുറഞ്ഞ വരുമാനക്കാർക്ക് വാടകയ്ക്കും ഭക്ഷണച്ചെലവിനും പ്രതിമാസ സഹായം അടക്കമുള്ള സഹായങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും റിപ്പോർട്ടിലുണ്ട്.