ഇന്ത്യയിലെ ഭക്ഷണം 'അഴുക്ക് ഭക്ഷണ'മെന്ന് യുവതി, ലഞ്ച് വാങ്ങിക്കൊടുത്ത് അടിപൊളിയെന്ന് പറയിപ്പിച്ച് യൂട്യൂബര്‍

By: 600007 On: Oct 27, 2024, 11:21 AM

 

ഇന്ത്യയിലെ ഭക്ഷണം 'അഴുക്ക് ഭക്ഷണ'മെന്ന് യുവതി, ലഞ്ച് വാങ്ങിക്കൊടുത്ത് അടിപൊളിയെന്ന് പറയിപ്പിച്ച് യൂട്യൂബര്‍

ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ്ഡ് തയ്യാറാക്കുന്നത് വൃത്തിയില്ലാതെയാണ് എന്ന ആരോപണം മിക്കപ്പോഴും വിദേശത്ത് നിന്നുള്ള വ്ലോ​ഗർമാർ ഉയർത്താറുണ്ട്. എന്തായാലും, ചൈനയിൽ നിന്നുള്ള ഒരു യുവതിയും അതുപോലെ ഇന്ത്യയിലെ ഭക്ഷണം തയ്യാറാക്കുന്നത് വൃത്തിയില്ലാതെയാണ് എന്നൊരു അഭിപ്രായപ്രകടനം നടത്തി. 


എന്നാൽ, അതേ യുവതിക്ക് ഇന്ത്യയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി നൽകി 'യമ്മി' എന്ന് പറയിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ‌ യൂട്യൂബർ. 

'പാസഞ്ചർ പരംവീർ' എന്ന യൂട്യൂബറാണ് യുവതിയുമായി സംഭാഷണത്തിലേർപ്പെടുന്നതും പിന്നീട് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതും. ചില ഓൺലൈൻ വീഡിയോകളൊക്കെ കണ്ടാണ് യുവതി ഇന്ത്യയിലെ ഭക്ഷണത്തിന് വേണ്ടത്ര വൃത്തിയില്ല എന്ന ആശങ്ക പ്രകടിപ്പിക്കുന്നത്. അത്തരത്തിലുള്ള ചില വീഡിയോകളൊക്കെ യുവതി കാണിച്ചു കൊടുക്കുന്നുമുണ്ട്. അതിൽ വൃത്തിയില്ലാതെ ആളുകൾ ഭക്ഷണം തയ്യാറാക്കുന്നതാണ് കാണുന്നത്. 

വീഡിയോകൾ കാണുമ്പോൾ പരംവീർ ചിരിക്കുന്നുണ്ടെങ്കിലും അത്തരം സംഭവങ്ങൾ ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തിന് അപവാദമാണ് എന്ന് പറയുന്നുണ്ട്. ഇത്തരം വീഡിയോകൾ അവർ എവിടെ നിന്നാണ് കണ്ടെത്തുന്നത് എന്ന് അറിയില്ല. തന്നെ വിശ്വസിക്കൂ എന്നൊക്കെ പരംവീർ പറയുന്നുണ്ട്. നല്ല വൃത്തിയുള്ള സ്ഥലത്ത് പോയാൽ നിങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം എന്തായാലും ഇഷ്ടപ്പെടുമെന്നും യൂട്യൂബർ ഉറപ്പ് നൽകുന്നുണ്ട്.  

എന്തായാലും, യുവതിക്ക് ഇന്ത്യയിലെ വൃത്തിയുള്ള നല്ല ഭക്ഷണം പരിചയപ്പെടുത്തിക്കൊടുത്തിട്ട് തന്നെ ബാക്കി കാര്യം എന്ന് യൂട്യൂബർ ഉറപ്പിച്ചു. അങ്ങനെ യുവതിയേയും കൊണ്ട് ഭക്ഷണം കഴിക്കാൻ പോകുന്നതാണ് പിന്നീട് കാണുന്നത്. ഒരു ഹോട്ടലിലേക്കാണ് യുവതിയെ യൂട്യൂബർ കഴിക്കാൻ ക്ഷണിക്കുന്നത്. ദാൽ മഖനി, ഷാഹി പനീർ, നാൻ എന്നിവയാണ് ഓർഡർ ചെയ്യുന്നത്.