കാർ മോഷണം തടയാൻ വേണ്ട നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഗതാഗത മന്ത്രി

By: 600007 On: Oct 27, 2024, 4:08 AM

 
 
കാനഡയിൽ കാർ ഉൾപ്പടെയുള്ള വാഹന മോഷണം പെരുകുന്നത്  സുരക്ഷാ സംവിധാനങ്ങളുടെ കുറവ് മൂലമെന്ന് വിദഗ്ധർ. യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാനഡയിലെ കാറുകളിൽ സെക്യൂരിറ്റി ഫീച്ചറുകൾ കുറവാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് രാജ്യത്ത് കാർ മോഷണം കൂടാൻ കാരണമെന്നും ഇവർ പറയുന്നു. 
 
ടിൽറ്റ് സെൻസർ, ഇൻട്രൂഷൻ സെൻസർ, ഡബിൾ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങൾ യുകെയിലെ കാറുകളിൽ പതിവാണ്. എന്നാൽ കാനഡയിൽ ഈ സംവിധാനങ്ങൾ ഉള്ള മോഡലുകൾ വിരളമാണ്. രാജ്യത്ത് ആൻ്റി തെഫ്റ്റ് മാനദണ്ഡങ്ങൾ അവസാനമായി പുതുക്കി നിശ്ചയിച്ചത് 2007ലായിരുന്നു. ആ വർഷം കാർ മോഷണം വളരെ കുറയുകയും ചെയ്തു. അതിനാൽ വീണ്ടും മാനദണ്ഡങ്ങൾ പുതുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത് ഉടനെ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു. നിയമങ്ങളിൽ മാറ്റം വരുത്തുന്നതിന് സമയമെടുക്കും.എങ്കിലും അത് എത്രയും വേഗം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അനിത ആനന്ദ് വ്യക്തമാക്കി.