ദുബായിലെ മരുഭൂമിയില്‍ വാഹനം കേടായി കുടുങ്ങിപ്പോയ രണ്ട് യുവതികള്‍ രക്ഷപ്പെടാനായി ഊബര്‍ ആപ്പ് വഴി ഒട്ടക സവാരിക്ക് ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനോദസഞ്ചാരത്തിനെത്തിയ യുവതികളാണ് വാഹനം കേടായി മരുഭൂമിയില്‍ ഒറ്റപ്പെട്ട് പോയത്. തങ്ങള്‍ വാഹനങ്ങളൊന്നും ലഭിക്കാതെ ആശങ്കപ്പെട്ടുവെന്നും അങ്ങിനെയാണ് ഊബര്‍ ആപ്പിലൂടെ വാഹനങ്ങള്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുമ്പോള്‍ ഒട്ടക സവാരിയുടെ ഓപ്ഷന്‍ കാണുന്നതെന്നും വീഡിയോയില്‍ യുവതി പറയുന്നു. ഒട്ടക സവാരിക്ക് 50.61 ദിര്‍ഹമായിരുന്നു ചാര്‍ജ്. താന്‍ ഇത് ബുക്ക് ചെയ്‌തെന്നും അധികം താമസിയാതെ ഒരാള്‍ ഒട്ടകവുമായി എത്തിയെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
ജെറ്റ് സെറ്റ് ദുബായ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിച്ച വീഡിയോ വൈറലായതോടെ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത് വ്യാജമാണെന്ന് പലരും കമന്റ് ചെയ്തു. ഊബര്‍ വഴിയുള്ള ഒട്ടകസവാരി എന്ന കൗതുകം നിരവധി പേരെ ഈ വീഡിയോയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.