കാനഡയിലെ വീടുകളില്‍ മാരകമായ റഡോണ്‍ വാതകം വ്യാപിക്കുന്നതായി കണ്ടെത്തി; ഏറ്റവും കൂടുതല്‍ കാല്‍ഗറിയില്‍ 

By: 600002 On: Oct 24, 2024, 11:26 AM

 

കാനഡയിലെ വീടുകളില്‍ കാന്‍സറിന് കാരണമാകുന്ന മാരകമായ റാഡോണ്‍ വാതകത്തിന്റെ അളവ് കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കാല്‍ഗറിയിലെ വീടുകളിലാണ് റഡോണ്‍ വാതകത്തിന്റെ അപകടസാധ്യത ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാറകളില്‍ നിന്നും മണ്ണില്‍ നിന്നും വരുന്ന റേഡിയോ ആക്ടീവ് വാതകമാണ് റാഡോണ്‍. ഇത് സ്വാഭാവികമായും വായുവില്‍ താഴ്ന്ന നിലകളില്‍ കാണപ്പെടുന്നു. എന്നാല്‍ കെട്ടിടങ്ങളിലും വീടുകളിലും വാതകത്തിന്റെ അളവ് വലിയ തോതില്‍ ഉയര്‍ന്നേക്കും. റാഡോണ്‍ വികിരണം പുറപ്പെടുവിക്കുന്നുണ്ട്. റാഡോണ്‍ ശ്വസിക്കുമ്പോള്‍ റേഡിയേഷന്‍ ശ്വാസകോശത്തിലെ കോശങ്ങളില്‍ മാറ്റം വരുത്തും, ഇത് കാന്‍സറിന് കാരണമാകുന്നു. 

രാജ്യത്തെ 18 ശതമാനം വീടുകളിലും ഏതെങ്കിലും തരത്തിലുള്ള റാഡോണ്‍ ശമിപ്പിക്കല്‍ അത്യാവശ്യമാണെന്ന് കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകനുള്‍പ്പെട്ട ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഭൂമിയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ റാഡോണ്‍ എക്‌സ്‌പോസ്ഡ് ആയിരിക്കുന്നത് കാനഡയിലാണെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് പഠനത്തില്‍ നടത്തിയിരിക്കുന്നത്. റാഡോണ്‍ വാതകത്തിന്റെ വ്യാപനവും ഭാവിയില്‍ ശ്വാസകോശ അര്‍ബുദം വ്യാപിക്കുന്നത് ഒഴിവാക്കാനും അടിയന്തരമായി പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് റേഡിയേഷന്‍ ബയോളജിസ്റ്റായ ഡോ. ആരോണ്‍ ഗുഡാര്‍സി പറഞ്ഞു. ഭൂമിശാസ്ത്രപരമായി കാനഡയില്‍ യുറേനിയം കൂടുതലുള്ളതാണ് റാഡോണ്‍ വാതകത്തിന്റെ അളവ് വര്‍ധിക്കാനുള്ള കാരണമെന്ന് ഗവേഷകര്‍ പറയുന്നു. 

കാല്‍ഗറിയിലാണ് ഏറ്റവും കൂടിയ അളവില്‍ റാഡോണ്‍ വാതകം വീടുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് ആല്‍ബെര്‍ട്ടയില്‍ ഓരോ 23 മണിക്കൂറിലും റാഡോണുമായി ബന്ധപ്പെട്ട ശ്വാസകോശ അര്‍ബുദത്തിന്റെ പുതിയ കേസ് ഉണ്ടായതായി കണക്കാക്കപ്പെട്ടിരുന്നതായി ഗുഡാര്‍സി പറഞ്ഞു. ഇപ്പോള്‍ ആ സംഖ്യ വളരെ കൂടുതലാണ്. കാനഡയിലെ ശ്വാസകോശ അര്‍ബുദങ്ങളില്‍ 16 ശതമാനവും റാഡോണുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ബീസി ഇന്റീരിയര്‍, യുക്കോണ്‍, പ്രയറീസ്, അറ്റ്‌ലാന്റിക് കാനഡ എന്നീ പ്രദേശങ്ങളിലും റാഡോണ്‍ വാതകങ്ങള്‍ കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.