ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വേപ്പിംഗ് നടത്തുന്ന രാജ്യങ്ങളില്‍ കാനഡയും 

By: 600002 On: Oct 24, 2024, 10:05 AM


ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വേപ്പിംഗ് നടത്തുന്ന രാജ്യങ്ങളില്‍ ഒന്നായി കാനഡയും മാറി. യുവാക്കളെ വേപ്പിംഗില്‍ നിന്ന് നിരുത്സാഹപ്പെടുത്താന്‍ കാനഡ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ലോകത്തില്‍ വേപ്പിംഗ് ഉപയോഗം ഉയര്‍ന്ന അളവിലാണ് കാനഡയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ വേപ്പിംഗ് യുവാക്കളില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ചെറുപ്പത്തില്‍ തന്നെയുള്ള വേപ്പിംഗ് പിന്നീട് ജീവിതത്തില്‍ പ്രത്യേകിച്ച് പുരുഷന്മാരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ലേഡി ഡേവിഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ(എല്‍ഡിഐ) പ്രവര്‍ത്തകരുമായി സഹകരിച്ച് മക്ഗില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിനായി കൗമാരക്കാര്‍ക്കിടയില്‍ പ്രചാരമുള്ള വേപ്പിംഗ് ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് പഠിക്കുകയും ലബോറട്ടറിയില്‍ അവയുടെ ഫലങ്ങള്‍ പരിശോധിക്കുകയും ചെയ്തു. 

രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ബിഎംജെ ഓപ്പണ്‍ റെസ്പിറേറ്ററി റിസര്‍ച്ച് എന്ന ആദ്യ പഠനം ഇ-സിഗരറ്റിന്റെ ഹ്രസ്വകാല ഉപയോഗം പോലും ശ്വാസകോശത്തിന് ഗുരുതരമായ തകരാറുണ്ടാക്കുമെന്ന് കണ്ടെത്തി. ഈ പഠനത്തില്‍ മെറ്റബോളിസം, ഡീടോക്‌സിഫിക്കേഷന്‍, ലിപിഡ് സിഗ്നലിംഗ് പാത്ത്‌വേ എന്നിവയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചതായി ഗവേഷകര്‍ പറഞ്ഞു. ഇതില്‍ ചിലത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 

ടോക്‌സിക്കോളജി ആന്‍ഡ് അപ്ലൈഡ് ഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ടാമത്തെ പഠനം, ഇ-സിഗരറ്റ് എയറോസോളുകള്‍ ശ്വാസകോശത്തില്‍ ചെറിയ വീക്കം ഉണ്ടാക്കുന്നതായി കണ്ടെത്തി. പുകയിലയുടെ രുചിയുള്ള വേപ്പ് ഉല്‍പ്പന്നങ്ങള്‍ ദിവസേന ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് കൊഴുപ്പുകളുടെ അളവ് വര്‍ധിപ്പിക്കുന്നതിനും ഹൃദയത്തിനും രക്തക്കുഴലുകളിലും ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതിനും കാരണമാകും. രണ്ട് പഠനങ്ങളിലും ശ്വാസകോശത്തിലും ഹൃദയത്തിലുമുള്ള മാറ്റങ്ങള്‍ പുരുഷന്മാരില്‍ പ്രധാനമായും കണ്ടെത്തി. ഇത് വേപ്പിംഗ് പുരുഷന്മാരെ സാരമായി ബാധിക്കുമെന്ന് സൂചിപ്പിക്കുന്നു. പഠനങ്ങളിലെ കണ്ടെത്തലുകള്‍ നിലവില്‍ വേപ്പിംഗ് കൂടുതലായി ഉപയോഗിക്കുന്ന യുവാക്കളുടെ ഭാവി ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതായും ഗവേഷകര്‍ പറഞ്ഞു.