യു എസിലെ 10 സംസ്ഥാനങ്ങളിൽ മക്‌ഡൊണാൾഡിൻ്റെ ക്വാർട്ടർ പൗണ്ടർ ഹാംബർഗറിൽ ഇ.കോളി അണുബാധയുണ്ടായതായി യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. അണുബാധയെതുടർന്ന് ഒരാൾ മരിക്കുകയും 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അണുബാധ ഉണ്ടായവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.
10 സംസ്ഥാനങ്ങളിൽ നിന്നുള്ള 49 പേർക്കാണ് ഇ.കോളി അണുബാധ രേഖപ്പെടുത്തിയത്. മിക്ക രോഗികളും കൊളറാഡോയിൽ നിന്നോ നെബ്രാസ്കയിൽ നിന്നോ ഉള്ളവരാണ്.
യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ്, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അണുബാധയുണ്ടായവരിൽ മിക്കവരും തങ്ങൾക്ക് അസുഖം വരുന്നതിനു മുൻപ് മെക്ഡോണാൾഡിൽ നിന്നും ക്വാർട്ടർ പൗണ്ടർ ഹാംബർഗറുകൾ കഴിച്ചതായി കണ്ടെത്തിയിരുന്നു.
അരിഞ്ഞ ഉള്ളിയിൽ നിന്നാണ് അണുബാധയുടെ ഒരു ഉപവിഭാഗം കണ്ടെത്തിയതെന്ന് മക്‌ഡൊണാൾഡിൻ്റെ നോർത്ത് അമേരിക്കൻ ചീഫ് സപ്ലൈ ചെയിൻ ഓഫീസർ സീസർ പിന അറിയിച്ചു.
കൊളറാഡോ, കൻസാസ്, യൂട്ട, വ്യോമിംഗ് എന്നിവിടങ്ങളിലും ഐഡഹോ, അയോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക,നെവാഡ, ന്യൂ മെക്സിക്കോ, ഒക്ലഹോമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മെനുകളിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ഹാംബർഗറുകൾ നീക്കം ചെയ്തതായും,അരിഞ്ഞ ഉള്ളിയുടെയും വിതരണം താൽക്കാലികമായി നിർത്തിയിട്ടുണ്ടെന്നും
പിന പറഞ്ഞു. മറ്റു ബീഫ് ഉൽപ്പന്നങ്ങൾക്ക് യാതൊരുവിധ പ്രശ്നവും ഇല്ലെന്ന്
മക്‌ഡൊണാൾഡിൻ്റെ യുഎസ്എ പ്രസിഡൻ്റ് ജോ എർലിംഗർ വ്യക്തമാക്കി.കാനഡയിലെ മക്‌ഡൊണാൾഡ് റെസ്റ്റോറൻ്റുകളിൽ ഇ.കോളി അണുബാധയെക്കുറിച്ച് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കടുത്ത സമ്മർദ്ദത്തിലൂടെ മുന്നോട്ടുപോകുന്ന
ചിക്കാഗോ ആസ്ഥാനമായുള്ള മാക്ഡൊണാൾഡിന്റെ ശൃംഖലയ്ക്ക് പുതിയ പ്രശ്നം വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൂടാതെ മക്‌ഡൊണാൾഡിൻ്റെ ഓഹരികൾ 9% ഇടിയുകയും ചെയ്തു .
2015-ൽ, ബുറിറ്റോ ശൃംഖലയായ ചിപ്പോട്ടിൽ ഇ.കോളി അണുബാധ ഉണ്ടാവുകയും തന്മൂലം അതിന്റെ വില്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മൃഗങ്ങളുടെ കുടലിലും പരിസ്ഥിതിയിലും കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയകൾ പനി, വയറുവേദന, രക്തരൂക്ഷിതമായ വയറിളക്കം എന്നിവയുൾപ്പെടെയുള്ള കഠിനമായ അസുഖങ്ങൾക്ക് കാരണമാകും. അണുബാധ ഉണ്ടായവർ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
E. coli O157:H7 എന്ന ബാക്റ്റീരിയയാണ് മാക് ഡൊണാൾഡിന്റെ ഹാംബർഗറിൽ കണ്ടെത്തിയത്. ഈ ബാക്ടീരിയ മൂലം പ്രതിവർഷം 74,000 അണുബാധകളാണ് യു എസിൽ രേഖപ്പെടുത്തുന്നത്.5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അണുബാധകൾ ഉണ്ടായാൽ അത് അവരുടെ വൃക്കകളുടെ തകരാറിന് കാരണമാകും.