ഓസ്‌ട്രേലിയയില്‍ പാറയിടുക്കില്‍ വീണ മൊബൈല്‍ഫോണ്‍ എടുക്കാന്‍ ശ്രമിക്കവെ കുടുങ്ങിപ്പോയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഒക്ടോബര്‍ 12 ന് ന്യൂ സൗത്ത് വെയില്‍സിലെ ഹണ്ടര്‍വാലി റീജിയണിലാണ് സംഭവം. മെറ്റില്‍ഡ കാംപെല്‍ എന്ന യുവതിയാണ് ഏഴ് മണിക്കൂറോളം പാറകള്‍ക്കിടയില്‍ തലകീഴായി കുടുങ്ങിക്കിടന്നത്. കാംപെലിന്റെ കാല്‍പാദം മാത്രമാണ് പുറത്തുകാണാന്‍ സാധിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി കാംപെലിനെ രക്ഷപ്പെടുത്തിയത്.
കൂറ്റന്‍ പാറകള്‍ക്കിടയില്‍ നിന്ന് അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ യുവതിയെ രക്ഷപ്പെടുത്തിയത്. കാംപെല്‍ കുടുങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. 500 കിലോയോളം ഭാരം വരുന്ന പാറകള്‍ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ നീക്കിയത്. തന്റെ സര്‍വീസിനിടയില്‍ ഇത് ആദ്യമായാണ് ഇത്രയും സാഹസികത നിറഞ്ഞ ദൗത്യം ഏറ്റെടുക്കുന്നതെന്നും അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ വാട്‌സ് പറഞ്ഞു.