ഹാലിഫാക്‌സിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഹാലിഫാക്‌സ് റീജിയണല്‍ പോലീസ് അറിയിച്ചു. ശനിയാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. സ്‌റ്റോറില്‍ ജോലി ചെയ്‌തിരുന്ന യുവതിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി സിഖ് സമുദായംഗമാണെന്ന് മാരിടൈം സിഖ് സൊസൈറ്റി സ്ഥിരീകരിച്ചു. മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പോലീസോ സ്‌റ്റോര്‍ അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വലിയൊരു ബേക്കിംഗ് ഓവനുമായി ബന്ധപ്പെട്ടാണ് മരണമുണ്ടായതെന്ന സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചും യുവതിയെ മരിച്ചനിലയില്‍ എവിടെയാണ് കണ്ടെത്തിയതെന്നതിനെക്കുറിച്ചും പോലീസും വാള്‍മാര്‍ട്ട് കാനഡയും പ്രതികരിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചു. സ്റ്റോര്‍ എപ്പോഴാണ് തുറക്കുക എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.