കാനഡയില്‍ സമിഡൗണിന്‌ ഉപരോധം; തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു: തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ എന്‍ജിഒ മോണിറ്റര്‍

By: 600002 On: Oct 19, 2024, 2:08 PM




ബുധനാഴ്‌ച വാന്‍കുവര്‍ ആസ്ഥാനമായുള്ള സമിഡൗണ്‍ പലസ്‌തീനിയന്‍ പ്രിസണര്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്കിനെ തീവ്രവാദ സംഘടനയായി കാനഡയും യുഎസും സംയുക്തമായി പ്രഖ്യാപിച്ച്‌ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനം വളരെക്കാലമായി ആഗ്രഹിക്കുന്നതായിരുന്നുവെന്ന്‌ ജെറുസലേം ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എന്‍ജിഒ മോണിറ്റര്‍ പ്രസിഡന്റ്‌ ജെറാള്‍ഡ്‌ സ്റ്റെയിന്‍ബര്‍ഗ്‌ പറഞ്ഞു. കുറച്ചുകാലമായി സംഘടനയെ നിരീക്ഷിച്ചുവരികയായിരുന്നു തങ്ങളെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഏഴ്‌ വര്‍ഷത്തിന്‌ മുമ്പ്‌ എന്‍ജിഒ മോണിറ്റര്‍ സമിഡൗണിന്റെ തീവ്രവാദ ബന്ധങ്ങളും വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയെയും കുറിച്ച്‌ രേഖപ്പെടുത്തുകയും ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നതായി അദ്ദേഹം പറഞ്ഞു. സമിഡൗണ്‍ നേതാവ്‌ ഖാലിദ്‌ ബറാഖത്ത്‌ ജര്‍മ്മനി വിടാന്‍ നിര്‍ബന്ധിതനാവുകയും സമിഡൗണിന്റെ പ്രവര്‍ത്തന കേന്ദ്രം വാന്‍കുവറിവേക്ക്‌ മാറ്റുകയും ചെയ്‌തതിന്‌ ശേഷം ഈ ആശങ്കകള്‍ വര്‍ധിച്ചു. വാന്‍കുവറിലാണ്‌ ഖാലിദിന്റെ ഭാര്യ ഷാര്‍ലറ്റ്‌ കേറ്റ്‌സ്‌ താമസിക്കുന്നത്‌.

ഒക്ടോബര്‍ 7 ന്‌ ഹമാസ്‌ ഭീകരാക്രമണത്തിന്റെ വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി വാന്‍കുവറില്‍ നടത്തിയ റാലിയില്‍ സമിഡൗണ്‍ പ്രവര്‍ത്തകര്‍ പ്രകോപനപരമായി പ്രസംഗിച്ചതോടെ സംഘടനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കാനഡയ്‌ക്ക്‌ മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത്‌. ഈ സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന ആളുകള്‍ക്ക്‌ മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന്‌ അമേരിക്ക അറിയിച്ചിട്ടുണ്ട്‌.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പലസ്‌തീന്‍ തടവുകാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘാടകരുടെയും പ്രവര്‍ത്തകരുടെയും ഒരു അന്താരാഷ്ട്ര ശൃംഖല എന്നാണ്‌ സമിഡൗണ്‍ സ്വയം വിശേഷിപ്പിക്കുന്നത്‌.