കാല്‍ഗറിയില്‍ നോര്‍ത്ത്‌ഈസ്‌റ്റ് കമ്മ്യൂണിറ്റിയില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് നേരെ വിചിത്രമായ പെരുമാറ്റം നടത്തുകയും അക്രമത്തിന് മുതിരുകയും ചെയ്‌ത പ്രതിക്കായി കാല്‍ഗറി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ജൂലൈ 18 വ്യാഴാഴ്‌ച രാവിലെ 11.30 ന് ടറാഡലെയിലെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അപരിചിതനായ പ്രതി കുട്ടികളെ സമീപിച്ചത്.
ഷെയ്‌ക്ക് ഹാന്‍ഡ് നല്‍കാനെന്ന നിലയില്‍ കുട്ടികള്‍ക്ക് കൈകൊടുത്ത പ്രതി ഇവരുടെ കൈപിടിച്ച് വലിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ ബഹളം വെച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത തലമുടിയും കറുത്ത താടിയുമുള്ള 25 വയസ്സ് തോന്നിക്കുന്ന ആളാണ് പ്രതിയെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ പോലീസില്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിയുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.