ബോംബ്‌ ഭീഷണി: എയര്‍ ഇന്ത്യ വിമാന യാത്രക്കാര്‍ക്ക്‌ കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ സഹായഹസ്‌തം

By: 600002 On: Oct 17, 2024, 12:01 PM



ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ വിമാന കാനഡയില്‍ ഇറക്കി. ഡെല്‍ഹിയില്‍ നിന്നും ഷിക്കാഗോയിലേക്ക്‌ പുറപ്പെട്ട എഐ 127 വിമാനത്തിനാണ്‌ ബുധനാഴ്‌ച ഭീഷണി സന്ദേശം ലഭിച്ചത്‌. ഇതിനെ തുടര്‍ന്ന്‌ വിമാനം വഴിതിരിച്ച്‌ കാനഡയിലെ ഇഖാലുയറ്റ്‌ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഓണ്‍ലൈനില്‍ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു.

വിമാനത്തില്‍ 211 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്‌. ഇവരെ ലക്ഷ്യസ്ഥാനത്തേക്ക്‌ റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ്‌ എത്തിച്ചു. ഇതിന്‌ നന്ദിയറിച്ച്‌ സോഷ്യല്‍മീഡിയയില്‍ എയര്‍ ഇന്ത്യ പോസ്‌റ്റ്‌ ചെയ്‌തു. അപ്രതീക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തതിനാല്‍ യാത്രക്കാരെ സഹായിക്കാന്‍ മിലിറ്ററി റിസോഴ്‌സ്‌ ഉപയോഗിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേക്ക്‌ പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ്‌ ഭീഷണി ഉണ്ടായിരുന്നു. അതേതുടര്‍ന്ന്‌ വിമാനം അടിയന്തരമായി ഡെല്‍ഹിയില്‍ ഇറക്കേണ്ടി വന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലെ ജെ.എഫ്‌.കെ വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ട എഐ 119 വിമാനത്തിനാണ്‌ ഭീഷണി ലഭിച്ചത്‌.