മോസില്ലയത്ര സേഫല്ലാട്ടാ... മുന്നറിയിപ്പുമായി സെർട്ട്-ഇൻ

By: 600007 On: Oct 17, 2024, 6:19 AM

 

ദില്ലി: മോസില്ല ഫയർഫോക്സാണോ ഇപ്പോഴും ഉപയോഗിക്കുന്നത്, എങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൂടാതെ ബ്രൗസറിലെ ഗുരുതരമായ സുരക്ഷാപ്പിഴവും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരക്ഷാപ്പിഴവ് ഒഴിവാക്കാനായി ബ്രൗസർ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും സാധ്യമായ ആക്രമണങ്ങളിൽ നിന്ന് സിസ്റ്റത്തെ സുരക്ഷിതമാക്കണമെന്നും വിദഗ്ദർ പറയുന്നു.

CERT-In ഉപയോക്താക്കളോട് അവരുടെ സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ സെർട്ട്-ഇന്‍ ഉപദേശിക്കുന്നു. ഏറ്റവും പുതിയ ഫയർഫോക്സ് അല്ലെങ്കിൽ തണ്ടർ ബേർഡ് പതിപ്പുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഉപകരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഇതിനായി മോസില്ല ഫയർഫോക്സ്, തണ്ടർ ബേർഡ് എന്നിവയിലെ അപ്‌ഡേറ്റുകൾ പരിശോധിക്കുക. പരിശോധിക്കുന്നതിനായി മോസില്ല ഫയർഫോക്സിലോ തണ്ടർ ബേർഡിലോ മെനു തുറക്കുക. ഹെൽപ്പ് വിഭാഗത്തിലേക്ക് പോകുക. 

ഫയർഫോക്സിനെ കുറിച്ച് അല്ലെങ്കിൽ തണ്ടർ ബേർഡിനെ കുറിച്ചുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ലഭ്യമായ അപ്‌ഡേറ്റുകൾ പരിശോധിച്ച് അവ സ്വയമേവ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുക. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശങ്ങൾ പാലിക്കുക. പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ സോഫ്‌റ്റ്‌വെയർ പുതിയതാണെന്ന് സൂചിപ്പിക്കുന്ന ഒരു പച്ച ചെക്ക്‌മാർക്ക് ‌കാണും. ഇത് ദൃശ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. സൈബർ ആക്രമണങ്ങളെ മറികടക്കാന്‍ അപ്‍ഡേറ്റുകള്‍ സഹായകമാകും.