എഐ തട്ടിപ്പ് ജിമെയിലിലും; അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് വന്നാല്‍ കരുതിയിരിക്കണം

By: 600007 On: Oct 15, 2024, 4:53 PM

ജിമെയില്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബർ തട്ടിപ്പ് വ്യാപകമായിരിക്കുകയാണ്. എഐ ടൂള്‍ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത് എന്നതാണ് ഖേദകരം. 


ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പ് വ്യാപകമായി നടക്കുകയാണ്. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം ആദ്യ ചൂണ്ടയെറിയുക. നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് നോട്ടിഫിക്കേഷന്‍ വരിക.  ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബർ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യർഥന വരിക. ഐടി കണ്‍സള്‍ട്ടന്‍റും ടെക് ബ്ലോഗറുമായ സാം മിത്രോവിച്ചിന് റിക്വസ്റ്റ് കിട്ടിയ് യുഎസില്‍ നിന്നാണ്. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ പെട്ടു. വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോർത്തിക്കോണ്ടുപോകും.  

തനിക്ക് ലഭിച്ച മെയില്‍ റിക്വസ്റ്റ് തള്ളുകയാണ് സാം മിത്രോവിച്ച് ചെയ്തത്. എന്നാലും ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാതിരുന്നാല്‍ മിനുറ്റുകള്‍ക്ക് ശേഷം ഗൂഗിളിന്‍റെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു ഫോണ്‍കോള്‍ വരും. ചിലപ്പോള്‍ കോളർ-ഐഡിയില്‍ ഗൂഗിള്‍ എന്നാവും നമ്പറിനൊപ്പം പേര് എഴുതിക്കാണിക്കുക. ഒരു സംശയവും തോന്നിക്കാത്ത തരത്തില്‍ വളരെയധികം വിശ്വസിപ്പിച്ച് പ്രൊഫഷണലായാവും മറുതലയ്ക്കലുള്ളയാള്‍ സംസാരിക്കുക. ഫോണെടുത്തയാള്‍ വിശ്വസിച്ചു എന്ന് തോന്നിയാല്‍, നിങ്ങളുടെ ജിമെയില്‍ ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും അതിനാല്‍ അക്കൗണ്ട് വീണ്ടെടുക്കാന്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.