കിലിയന്‍ എംബാപ്പെക്കെതിരെ ലൈംഗിക പീഡനാരോപണം; പ്രതികരിച്ച് റയല്‍ മാഡ്രിഡ് താരം

By: 600007 On: Oct 15, 2024, 4:46 PM

 

പാരീസ്: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം. 25കാരനായ ഫുട്‌ബോള്‍ കളിക്കാരന്‍ അടുത്തിടെ സ്റ്റോക്ക്‌ഹോമില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് സംഭവം നടന്നതെന്ന് സ്വീഡിഷ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സ്വീഡിഷ് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ച്, റിപ്പോര്‍ട്ട് പോലീസിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ 10ന് ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നും കൂടുതല്‍ വിവരങ്ങളൊന്നും തല്‍ക്കാലം പങ്കിടാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


എംബാപ്പെയെ പ്രതിയെന്ന് സ്വീഡിഷ് പത്രമായ എക്സ്പ്രെസെന്‍ റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെയെ സംശയിക്കുന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി മറ്റുമാധ്യമങ്ങളായ അഫ്ടോണ്‍ബ്ലാഡെറ്റും എസ്വിടിയും പുറത്തുവിട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ നേഷന്‍സ് ലീഗ് മത്സരങ്ങളില്‍ എംബാപ്പെ കളിച്ചിരുന്നില്ല. ഇതിനിടെയാണ് താരം സ്റ്റോക്ക്‌ഹോം സന്ദര്‍ശിച്ചത്. വ്യാഴാഴ്ചയാണ് ഈ പറഞ്ഞ സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.