കാനഡയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍സിഎംപിയുടെ ആരോപണം 

By: 600002 On: Oct 15, 2024, 1:09 PM

 


കനേഡിയന്‍ പൗരന്മാരുടെ കൊലപാതകത്തിലും രാജ്യത്ത് നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍സിഎംപി. കഴിഞ്ഞ വര്‍ഷം സറേയില്‍ ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍യ്ക്ക് പങ്കുണ്ടെന്ന് കാനഡ ഇന്ത്യയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍സിഎംപി വാര്‍ത്താസമ്മേളനം നടത്തിയത്. ഇക്കാര്യങ്ങള്‍ അന്വേഷണങ്ങളില്‍ തെളിഞ്ഞതായും ആര്‍സിഎംപി കമ്മീഷണര്‍ മൈക്കിള്‍ ദുഹിമേയും അസിസ്റ്റന്റ് കമ്മീഷണര്‍ ബ്രിജിറ്റ് ഗൗവിനും പറഞ്ഞു. വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ഏജന്‍സികളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഇന്ത്യയില്‍ നിന്നും ലഭിച്ചതെന്നും അവര്‍ പറഞ്ഞു. 

അക്രമാസക്തമായ തീവ്രവാദം, കനേഡിയന്‍ പൗരന്മാരുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക്, സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റികള്‍ക്കിടയില്‍ അശാന്തി പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുക, കാനഡയുടെ ജനാധിപത്യ സംവിധാനത്തില്‍ ഇടപെടുക എന്നിവയാണ് കമ്മീഷണര്‍ മൈക്കിള്‍ ദുഹിമേ ഇന്ത്യയുടെ പേരില്‍ ആരോപിച്ചത്. 

പ്രോ ഖലിസ്ഥാന്‍ മൂവ്‌മെന്റിലെ അംഗങ്ങളെയാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ  ക്രൈം ഗ്രൂപ്പുകള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആര്‍സിഎംപി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ലോറന്‍സ് ബിഷോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞ് ആര്‍സിഎംപി ആരോപിച്ചു. ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കൂടാതെ മറ്റ് ഗ്യാങ്ങുകളും കനേഡിയന്‍ പൗരന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ആര്‍സിഎംപി ആരോപിച്ചു.