ഇന്ത്യന്‍ പൗരന്മാര്‍ക്കായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ പ്രോഗ്രാം അവതരിപ്പിച്ച് ഓസ്‌ട്രേലിയ

By: 600002 On: Oct 15, 2024, 11:08 AM

 


ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാരകരാറും പ്രകാരം 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും 1000 തൊഴില്‍, അവധിക്കാല വിസകള്‍ നല്‍കുമെന്ന് അറിയിച്ച് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ് മിനിസ്റ്റര്‍ മാറ്റ് തിസ്‌ലെത്ത് വെയിറ്റ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് അവധിയാഘോഷിക്കുന്നതിനും പഠിക്കുന്നതിനും ഒപ്പം ജോലി ചെയ്യുന്നതിനും അവസരം നല്‍കുന്നതാണ് ഈ വിസ പദ്ധതി. സെപ്തംബര്‍ 16 നാണ് ഈ പദ്ധതിയില്‍ ഇന്ത്യ ഔദ്യോഗികമായി ചേരുന്നത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്ന് വിസ പദ്ധതിയുടെ ലോഞ്ചിംഗ് ഇവന്റില്‍ മന്ത്രി പറഞ്ഞു. വിസ ബാലറ്റ് പ്രക്രിയ ഈ മാസം ഒന്നാം തിയതി ആരംഭിച്ചു. ഒക്ടോബര്‍ അവസാനത്തോടെ ഇത് അവസാനിക്കും. അതിന് ശേഷം ഉദ്യോഗാര്‍ത്ഥികളെ ക്രമരഹിതമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ ഓസ്‌ട്രേലിയയില്‍ താമസം ആരംഭിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഓസ്‌ട്രേലിയന്‍ സംസ്‌കാരം എങ്ങനെയാണെന്ന് ഇന്ത്യയിലെ യുവാക്കള്‍ക്ക് മനസ്സിലാക്കുന്നതിന് ഈ വിസ പ്രോഗ്രാം സഹായിക്കും. വിസ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥി അല്ലെങ്കില്‍ വിദഗ്ധ തൊഴിലാളി വിസയില്‍ ഓസ്‌ട്രേലിയയിലെക്ക് തിരികെ വരാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.