കാനഡയിലെ വരുമാന അസമത്വം ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. അധികം സമ്പത്ത് കുറച്ച് പേരുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 രണ്ടാംപാദത്തില്‍ കാനഡയിലെ ഏറ്റവും സമ്പന്നരായ അഞ്ചില്‍ രണ്ട് പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അഞ്ചില്‍ രണ്ട് പേരും തമ്മിലുള്ള ഡിസ്‌പോസിബിള്‍ വരുമാന വിഹിതത്തിന്റെ അന്തരം 47 ശതമാനമായി വര്‍ധിച്ചതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 1999 മുതല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ആദ്യമായി ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം രേഖപ്പടുത്തിയ ഏറ്റവും വലിയ വിടവാണിത്.
ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ 20 ശതമാനം ആളുകളാണ് വിടവിന് കാരണമായത്. ഇവരുടെ ഡിസ്‌പോസിബിള്‍ വരുമാന വിഹിതത്തില്‍ ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും നിക്ഷേപ നേട്ടങ്ങളില്‍ നിന്നാണ് വര്‍ധന ഉണ്ടായത്. ഉയര്‍ന്ന പലിശ നിരക്കുകള്‍ ഇതിന് കാരണമായതായി ഏജന്‍സി പറയുന്നു.
രണ്ടാം പാദത്തില്‍, കാനഡയില്‍ താമസിക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള 20 ശതമാനത്തിന്റെ കൈവശമായിരുന്നു രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും. ഒരു കുടുംബത്തിന് ശരാശരി 3.4 മില്യണ്‍ ഡോളര്‍ എന്ന നിലയിലായിരുന്നു കണക്ക്. ഈ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനഡയിലെ ഏറ്റവും താഴെയുള്ള 40 ശതമാനത്തിന്റെ കൈവശം സമ്പത്തിന്റെ 2.8 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.