കാനഡയില്‍ അനധികൃതമായി ട്രക്കുകളോടിക്കുന്ന യോഗ്യതയില്ലാത്ത ഡ്രൈവര്‍മാരെ കണ്ടെത്തുന്നതില്‍ സംവിധാനത്തിന് വീഴ്ച സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്റാരിയോയില്‍ കൈക്കൂലി, വ്യാജ രേഖ, കൃത്രിമ പരിശോധന എന്നിവയിലൂടെ ട്രക്ക് ഡ്രൈവര്‍മാരെ പരിശോധിക്കുന്ന സംവിധാനത്തില്‍ ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ച ചെയ്യുന്നതായി ഇന്റേണല്‍ മെമ്മോയില്‍ പറയുന്നു. സിബിസിയുടെ മാര്‍ക്കറ്റ്‌പ്ലേസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിനുള്ള സെന്ററുകളും മതിയായ പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് രേഖകള്‍ നല്‍കി ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നു.
ഒന്റാരിയോയുടെ ഡ്രൈവ് ടെസ്റ്റ് സെന്ററുകള്‍ നിയന്ത്രിക്കുന്നത് സെര്‍കോ എന്ന കമ്പനിയാണ്. ഇത് കനേഡിയന്‍ സായുധ സേനയ്ക്കുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുതല്‍ ഫെഡറല്‍ സര്‍ക്കാരിനുള്ള എംപ്ലോയ്‌മെന്റ് സര്‍വീസുകള്‍ വരെയുള്ള വിവിധ ഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനങ്ങളുടെയും ലോജിസ്റ്റിക്‌സിന്റെയും മേല്‍നോട്ടം വഹിക്കുന്നു. ജീവനക്കാര്‍ക്കെതിരെ അനുചിതവും നിയമവിരുദ്ധവുമായ പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ വര്‍ഷം നിരവധി ജീവനക്കാരെ പിരിച്ചുവിടുകയോ രാജി വെക്കുകയോ ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
ഒന്റാരിയോയില്‍ റോഡ് ടെസ്റ്റിന് യോഗ്യത നേടുന്നതിന് മുമ്പ് ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധിത എന്‍ട്രി ലെവല്‍ പരിശീലനം(MELT) പൂര്‍ത്തിയാക്കിയിരിക്കണം. 2017 ലാണ് MELT അവതരിപ്പിച്ചത്. ഇതിനി ശേഷം കാനഡയിലെ മറ്റ് പ്രവിശ്യകളിലും നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററികളിലും ഇത് അവതരിപ്പിച്ചു.