കാനഡയില്‍ ഗര്‍ഭനിരോധന, പ്രമേഹ മരുന്നുകള്‍ക്ക് കവറേജ് ഉള്‍പ്പെടുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി  

By: 600002 On: Oct 12, 2024, 9:01 AM

 


കാനഡയില്‍ ഗര്‍ഭനിരോധന, പ്രമേഹ മരുന്നുകള്‍ക്ക് കവറേജ് ഉള്‍പ്പെടുന്ന ബില്‍ കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കി. പൊതുധനസഹായത്തോടെയുള്ള ദേശീയ ഫാര്‍മകെയര്‍ പ്രോഗ്രാമായി വിപുലീകരിക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടമാണിതെന്ന് ലിബറല്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ പറഞ്ഞു. രാജ്യത്ത് അഞ്ച് കനേഡിയന്‍ പൗരന്മാരില്‍ ഒരാള്‍ ഉയര്‍ന്ന വിലയുള്ള മരുന്നുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പുതിയ നയം സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ പ്രവിശ്യകളുമായും ടെറിറ്ററികളുമായും വ്യക്തിഗത ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

ഈ ബില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ചെലവ് 1.9 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ജനങ്ങള്‍ പ്രൈവറ്റ്, പബ്ലിക്, ഔട്ട് ഓഫ് പോക്കറ്റ് പ്ലാന്‍ വഴിയാണ് കുറിപ്പടി മരുന്നുകള്‍ക്ക് പണം നല്‍കുന്നത്. ഡ്രഗ് പ്ലാന്‍ കവറേജ് ഇല്ലാത്തവര്‍ക്കുള്ള പ്രമേഹ, ഗര്‍ഭനിരോധന മരുന്നുകളുടെ 100 ശതമാനം ചെലവും, കവറേജ് ഉള്ളവര്‍ക്ക് ഔട്ട്-ഓഫ്-പോക്കറ്റ് ചെലവും ഈ പ്രോഗ്രാം വഹിക്കും. 

ഗര്‍ഭനിരോധന ഗുളികകള്‍ക്കും IUD കള്‍ക്കും ഒരു വര്‍ഷം 100 കനേഡിയന്‍ ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ ചെലവാകും. പുതിയ ബില്ലിനെ കാനഡ സൊസൈറ്റി ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് സ്വാഗതം ചെയ്തു. ചരിത്രനേട്ടമാണിതെന്ന് വിശേഷിപ്പിച്ചു.