കോവിഡ്-19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നങ്ങളാണ് ഏറ്റവുമധികം കണ്ടിരുന്നത്. എന്നാല്‍ വൈറസ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കോവിഡ് ബാധിച്ചവര്‍ക്ക് ഹൃദയാഘാതം, സ്‌ട്രോക്ക്, അകാല മരണം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍(AHA) പ്രസിദ്ധീകരിച്ച പഠനത്തില്‍ 2020 ല്‍ കോവിഡ് ബാധിച്ച ആളുകള്‍ക്ക് വാക്‌സിനേഷന് മുമ്പ്, മൂന്ന് വര്‍ഷത്തിന് ശേഷം ഏതെങ്കിലും കാരണത്താല്‍ ഈ രോഗാവസ്ഥകള്‍ അനുഭവിക്കാനുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്ന് പറയുന്നു. രോഗത്തിന്റെ കഠിനമായ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും ഹൃദയാഘാതമോ സ്‌ട്രോക്കോ വരാനുള്ള സാധ്യത കൂടുമെന്നാണ് പഠനത്തില്‍ പറയുന്നത്. പഠനത്തിലെ കണ്ടെത്തലുകള്‍ അനുസരിച്ച് പാന്‍ഡെമിക്കിന്റെ ആദ്യ വര്‍ഷത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അപകടസാധ്യത ഇതിലും കൂടുതലായിരിക്കും.
എ,ബി, എബി രക്തഗ്രൂപ്പുകളുള്ളയാളുകള്‍ക്ക് തുടര്‍ച്ചയായ അപകടസാധ്യത കൂടുതലാണ്. സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുന്ന ജീനുകളും രോഗകാരിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ് ഇതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം രോഗബാധിതരായ ആളുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പഠനത്തില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് ഡാറ്റ സ്രോതസ്സുകളിലൊന്നായ യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്ന ഗവേഷകരില്‍ നിന്നാണ് കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ കോവിഡ് ബാധിച്ച് യുകെയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10,005 ആളുകളിലാണ് പരീക്ഷണം നടത്തിയത്.