സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ ഒരു സംഘം യുവാവിനെ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ പെന്‍ബ്രൂക്ക് മെഡോസില്‍ പെന്‍സകോളവേ എസ്ഇയില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നയാളെ കുത്തുകയായിരുന്നുവെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു. നിരവധി തവണ കുത്തേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
കുത്തേറ്റയാളും ഒരു കൂട്ടം ആണ്‍കുട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ആണ്‍കുട്ടികള്‍ ഇരയെ പലതവണ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം ആസൂത്രിതമാണെന്നാണ് കരതുന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ബസ് ഡ്രൈവറും ബസ് സ്റ്റോപ്പില്‍ കാത്തുനിന്നവരും ഉള്‍പ്പെടെ നിരവധി സാക്ഷികള്‍ ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.