കാനഡയില്‍ താമസിക്കുന്നവരില്‍ നാലിലൊന്ന് പേരും ഗിഗ് വര്‍ക്കര്‍മാര്‍: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Oct 9, 2024, 10:16 AM

 

 

ഇന്‍ഷുറന്‍സ് പ്രൊവൈഡറായ സെക്യൂറിയന്‍ കാനഡയില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, കാനഡയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും മികച്ച വരുമാനം കണ്ടെത്താനും വര്‍ധിക്കുന്ന ജീവിതച്ചെലവ് നിറവേറ്റാനുമായി ഗിഗ് വര്‍ക്കിലേക്ക് തിരിയുന്നു. ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ വോട്ടെടുപ്പില്‍ പ്രതികരിച്ചവരില്‍ നാലിലൊന്ന് പേരും ഹ്രസ്വകാല ജോലികള്‍ അല്ലെങ്കില്‍ സ്ഥിരമായി ഉറപ്പുനല്‍കാത്ത ജോലികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഗിഗ് വര്‍ക്കുകള്‍ ചെയ്യുന്നതായി പറഞ്ഞു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാന്‍ സാധാരണ ജോലി കൂടാതെ അധിക ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു. 

കൂടുതല്‍ ഹ്രസ്വകാല പരിപാടികള്‍ക്കും കരാര്‍ ജോലികള്‍ക്കും അനുകൂലമായി തൊഴില്‍ വിപണി മാറുമ്പോള്‍ ചില പരമ്പരാഗത ജോലികള്‍ സാമ്പത്തിക സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകര്‍ പറയുന്നു. തൊഴിലുടമയുമായി കൂടുതല്‍ കാഷ്വല്‍ വര്‍ക്ക് അറേഞ്ച്‌മെന്റുകളില്‍ ഏര്‍പ്പെടുന്നവരെയാണ് ഗിഗ് വര്‍ക്കര്‍മാര്‍ എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വിശേഷിപ്പിക്കുന്നു. റൈഡ് ഹെയ്‌ലിംഗ്, ഫുഡ് ഡെലിവറി സര്‍വീസ് ഉള്‍പ്പെടെയുള്ള ആപ്പ് അധിഷ്ഠിത ജോലികള്‍ ഗിഗ് വര്‍ക്കിലാണ് ഉള്‍പ്പെടുന്നത്. സര്‍വേയില്‍ 18 നും 34 നും ഇടയില്‍ പ്രായമുള്ള 30 ശതമാനം പേര്‍ ഗിഗ് വര്‍ക്കുകള്‍ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. യുവാക്കളാണ് ഗിഗ് വര്‍ക്കുകള്‍ കൂടുതലായും ചെയ്യുന്നത്. 

35 നും 54 നും ഇടയില്‍ പ്രതികരിച്ചവരില്‍ 23 ശതമാനം പേരും തങ്ങള്‍ ഗിഗ് തൊഴിലാളികളാണെന്ന് പറഞ്ഞു. 55 വയസ്സിന് മുകളില്‍ പങ്കെടുത്തവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് ഗിഗ് വര്‍ക്കര്‍മാര്‍. വെള്ളക്കാരേക്കാള്‍ വംശപരമായി മറ്റ് വിഭാഗക്കാര്‍ ഗിഗ് തൊഴിലാളികളാകാന്‍ കൂടുതല്‍ സാധ്യതയെന്നും സര്‍വേയില്‍ കണ്ടെത്തി. 32 ശതമാനം പേര്‍ ഗിഗ് വര്‍ക്കര്‍മാരാണ്. അതേസമയം, വെള്ളക്കാരില്‍ പ്രതികരിച്ചവരില്‍ 20 ശതമാനം പേര്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നവരാണ്.