1970 കള്‍ വരെ അമേരിക്കയിലെ 90 ശതമാനം ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളും വിപണിയില്‍ എത്തുന്നതിന് മുമ്പ് തടവുകാരില്‍ സുരക്ഷ നിര്‍ണയിക്കാന്‍ പരീക്ഷിച്ചിരുന്നു. 'ബോഡീസ് ഫോര്‍ റെന്റ്' എന്ന ഡോക്യുമെന്ററിയില്‍ മരുന്ന് പരീക്ഷണങ്ങള്‍ എങ്ങനെ പരീക്ഷണത്തിന് ഉപയോഗിക്കുന്നവരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്ന് എടുത്തുകാണിക്കുന്നുണ്ട്.
മെഡിക്കല്‍ ഗവേഷണത്തിനായി ദുര്‍ബലരായ ആളുകളെ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. കാനഡയിലെയും അമേരിക്കയിലെയും തടവുകാരില്‍ എല്ലാത്തരം മരുന്നുകളും പരീക്ഷിച്ചിരുന്നു. തടവുകാരില്‍ പരീക്ഷിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും നീരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. അവരുടെ ഭക്ഷണ ക്രമം, വ്യായാമം, ഉറക്കം എല്ലാം നിരീക്ഷിക്കാമെന്ന് മിനസോട്ട സര്‍വകലാശാലയിലെ ബയോ എത്തിക്‌സ്റ്റ് കാള്‍ എലിയട്ട് പറയുന്നു.
എന്നാല്‍ തടവുകാരില്‍ പരീക്ഷണം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകാന്‍ തുടങ്ങി. ജനരോഷത്തിന്റെ ഫലമായി 1970കളിലെ ഫെഡറല്‍ നിയന്ത്രണങ്ങള്‍ ജയിലുകളില്‍ മരുന്ന് പരിശോധന കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. പതിയെ തടവുകാരില്‍ മരുന്ന് പരീക്ഷണം ഏറെക്കുറെ നിര്‍ത്തി. എന്നാല്‍ പരീക്ഷണങ്ങള്‍ക്കായി വേറൊരു ഗ്രൂപ്പിനെ കണ്ടെത്തി. ദരിദ്രരായ ആളുകളിലാണ് പിന്നീട് പരീക്ഷണം നടത്തി വന്നത്. പരീക്ഷണം നടത്താന്‍ സമ്മതമുള്ള ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന കമ്പനികളെ എലിയട്ട് പരാമര്‍ശിച്ചു. സമൂഹത്തിന്റെ അതിരുകളില്‍ ജീവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരിലാണ് ഇപ്പോള്‍ മരുന്ന് പരീക്ഷണം നടത്തുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിദഗ്ധര്‍ നടത്തുന്നത്. അതിജീവനത്തിനായി തുച്ഛമായ തുക വാഗ്ദാനം ചെയ്താല്‍ പരീക്ഷണത്തിന് സമ്മതിക്കുന്നവരെ കമ്പനികള്‍ ചൂഷണം ചെയ്യുകയാണെന്ന് വിദഗ്ധര്‍ ആരോപിക്കുന്നു.