സ്റ്റഡി പെര്‍മിറ്റില്‍ കാനഡയിലെത്തിയ തീവ്രവാദി റെഫ്യൂജി സ്റ്റാറ്റസിനായി 'ഗേ'യാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: Oct 8, 2024, 11:54 AM

 


സ്റ്റഡി പെര്‍മിറ്റില്‍ കാനഡയില്‍ പ്രവേശിച്ച തീവ്രവാദി പാക്കിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാസെബ് ഖാന്‍(20) താന്‍ ഗേയാണെന്ന് ചൂണ്ടിക്കാട്ടി റെഫ്യൂജി സ്റ്റാറ്റസ് നേടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ ജൂതന്മാരെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഷാസെബ് ഖാന്‍ അറസ്റ്റിലാകുന്നത്. ക്യുബെക്കില്‍ വെച്ച് സെപ്തംബര്‍ 4 നാണ് ആര്‍സിഎംപി ഷാസെബ് ഖാനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഡെത്ത് കള്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഖാന്‍ പറഞ്ഞിരുന്നു. 

അതേസമയം, ഷാസെബ് ഖാന് വേണ്ടി സ്റ്റാറ്റസ് ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ച മിസിസാഗ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് അറസ്റ്റ് സംബന്ധിച്ച് വാര്‍ത്തയറിഞ്ഞപ്പോള്‍ ഞെട്ടിയതായി വെളിപ്പെടുത്തി. തന്റെ ക്ലയന്റ് ഒരിക്കലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്നതിന്റെ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സെക്ഷ്വല്‍ ഓറിയന്റോഷന്റെ അടിസ്ഥാനത്തില്‍ റെഫ്യൂജി സ്റ്റാറ്റസ് നേടാനുള്ള ശ്രമത്തിലായിരുന്നു ഖാനെന്ന് കണ്‍സള്‍ട്ടന്റ് ഫസല്‍ ഖദീര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ സ്വവര്‍ഗാനുരാഗം നിരോധിച്ചതാണ്.