സസ്‌ക്കാച്ചെവനിലെ ആരോഗ്യ പരിചരണ സംവിധാനത്തില്‍ അതൃപ്തി അറിയിച്ച് നഴ്‌സുമാര്‍. മിക്ക ആശുപത്രികളിലെയും ശേഷി 350 ശതമാനത്തിനടുത്താണെന്നാണ് റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നഴ്‌സുമാര്‍ക്ക് സമ്മര്‍ദ്ദമേറിത്തുടങ്ങി. ഈ സാഹചര്യത്തില്‍ നഴ്‌സുമാരുടെ സമ്മര്‍ദ്ദം ലഘൂകരിക്കണമെന്നും അധിക ജീവനക്കാരെ ആശുപത്രികളില്‍ നിയമക്കണമെന്നും ആവശ്യപ്പെട്ട് നഴ്‌സുമാര്‍ റെജീനയില്‍ റാലി നടത്തി.
സ്ഥിരമായി 200 ശതമാനം അധിക ശേഷിയുള്ള ആശുപത്രികളാണ് പ്രവിശ്യയിലേത്. ഹാള്‍വേകളില്‍ പോലും കിടക്കകളില്‍ രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. വെയ്റ്റിംഗ് റൂമുകളില്‍ ക്രിട്ടിക്കല്‍ കെയര്‍ തുറന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ കുറയുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദമേറും. കൂടാതെ തിരക്കേറിയ അത്യാഹിത വിഭാഗത്തില്‍ കൃത്യമായി രോഗികളെ പരിപാലിക്കാന്‍ സാധിക്കാതെ വരും. ഇത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് സസ്‌ക്കാച്ചെവന്‍ നഴ്‌സസ് യൂണിയന്‍(SUN) പ്രസിഡന്റ് ട്രേസി സാംബോറി പറയുന്നു.
സ്റ്റാഫ് ക്ഷാമം പരിഹരിക്കാന്‍ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സസ്‌ക്കാച്ചെവന്‍ ലെജിസ്ലേറ്റീവ് ബില്‍ഡിംഗിന് മുന്നില്‍ നൂറുകണക്കിന് നഴ്‌സുമാരാണ് റാലിയില്‍ പങ്കെടുത്തത്.