ടൊറന്റോ, നയാഗ്ര ഫാള്‍സ്, ഹാമില്‍ട്ടണ്‍ എന്നിവടങ്ങളായി നടന്ന വ്യത്യസ്ത മരണങ്ങളുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ടൊറന്റോ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി ടൊറന്റോ പോലീസ് അറിയിച്ചു. ടൊറന്റോയില്‍ തിരിച്ചറിയാത്ത 60കാരിയുടെ കൊലപാതകത്തില്‍ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം, നയാഗ്ര ഫാള്‍സില്‍ 47 വയസ്സുള്ള ലാന്‍സ് കണ്ണിംഗ്ഹാമിന്റെ കൊലപാതകത്തില്‍ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം, ഹാമില്‍ട്ടണില്‍ 77 വയസ് പ്രായമുള്ള മരിയോ ബിലിച്ചിന്റെ കൊലപാതകത്തില്‍ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം എന്നിവയാണ് പ്രതിയായ സബ്രിന കൗള്‍ദറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഹാമില്‍ട്ടണിലെയും നയാഗ്ര ഫാള്‍സിലെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഹാമില്‍ട്ടണിലെയും നയാഗ്ര ഫാള്‍സിലെയും ആളുകളുടെ കൊലപാതകം സബ്രിന ആസൂത്രിതമായി ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയതായിരുന്നുവെന്നും ടൊറന്റോയില്‍ കൊലചെയ്യപ്പെട്ട സ്ത്രീയെ പ്രതിക്ക് പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായാണ് സബ്രിന ക്രൂരമായി കൊലപാതകങ്ങള്‍ നടത്തിയത്.
കൊലപാതകങ്ങള്‍ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച വൈകീട്ട് 5.45 ന് ബര്‍ലിംഗ്ടണ്‍ ഹോട്ടലില്‍ വെച്ചാണ് സബ്രിനയെ അറസ്റ്റ് ചെയ്തതെന്ന് നയാഗ്ര പോലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം മൂന്ന് കൊലപാതക കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തി. വെള്ളിയാഴ്ച സെന്റ് കാതറിന്‍സിലെ കോടതിയില്‍ പ്രതിയെ ഹാജരാക്കിയതായി നയാഗ്ര പോലീസ് മേധാവി ബില്‍ ഫോര്‍ഡി പറഞ്ഞു. നയാഗ്ര പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോള്‍. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.