ക്യുബെക്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഫ്രഞ്ചിലായിരിക്കണമെന്ന് കഫേ ഷോപ്പിനോട് ഉത്തരവിട്ട് ക്യുബെക്ക് ലാംഗ്വേജ് ഓഫീസ്  

By: 600002 On: Oct 5, 2024, 9:23 AM

 


ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഫ്രഞ്ചിലായിരിക്കണമെന്ന് ക്യുബെക്കിലെ ഗാറ്റിനോ കഫേയോട് ഉത്തരവിട്ട് ക്യുബെക്ക് ലാംഗ്വേജ് ഓഫീസ്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും ഓഫീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉത്തരവിനെതിരെ തിരിച്ചടിക്കുമെന്ന് കഫേ ഉടമ പ്രതികരിച്ചു. ഡൗണ്‍ടൗണ്‍ ഹള്‍ ഏരിയയില്‍ ഗബ്രിയെല്ലെ സെക്‌സ്റ്റണ്‍ എന്ന സ്ത്രീ നടത്തുന്ന പെറ്റിറ്റ്‌സ് ഗാമിന്‍സ് എന്ന കോഫി ഷോപ്പിനെതിരെയാണ് പരാതി. കഫേയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ ഇംഗ്ലീഷാണെന്ന് ചൂണ്ടിക്കാട്ടി ഓഫീസ് ക്യൂബെക്കോയിസ് ഡി ലാ ലാംഗ് ഫ്രാങ്കൈസ് ഗാമിന്‍സിന് കത്തയച്ചു. ഭാവിയില്‍ പോസ്റ്റുകള്‍ ഫ്രഞ്ച് ഭാഷയിലാണെന്ന് ഉറപ്പാക്കാന്‍ ഭാഷാ നിരീക്ഷണ വിഭാഗം കഫേയോട് ആവശ്യപ്പെട്ടു. 

എന്നാല്‍ ഗാമിന്‍സ് ഭാഷാ വിഭാഗത്തിന്റെ നടപടിയെ എതിര്‍ത്തു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇംഗ്ലീഷില്‍ 'വാട്ട് ഇന്‍ ദി ക്യുബെക്ക് ഫാസിസം ഈസ് ഗോയിംഗ് ഓണ്‍'  എന്ന കമന്റോടെ കത്ത് പോസ്റ്റ് ചെയ്തു. ഈ ഉത്തരവ് പാലിക്കാന്‍ താന്‍ തയാറല്ലെന്ന് സെക്സ്റ്റണ്‍ പറഞ്ഞു. തന്റെ സ്ഥാപനം ഫ്രഞ്ചുകാര്‍ക്ക് സേവനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫ്രഞ്ചില്‍ സൈന്‍ ബോര്‍ഡുണ്ടെന്നും കൂടാതെ പൂര്‍ണമായും ഫ്രഞ്ച് ഭാഷയില്‍ ഒരു ഫെയ്‌സ്ബുക്ക് പേജ് നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഓട്ടവ അതിര്‍ത്തിക്കടുത്തായാണ് തന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പല ഭാഷ, സംസ്‌കാരങ്ങളുള്ള ആളുകള്‍ ഷോപ്പില്‍ എത്താറുണ്ടെന്നും അവര്‍ പറഞ്ഞു. ഒമ്പത് വര്‍ഷമായി യായൊരു പ്രശ്‌നങ്ങളുമില്ലാതെ ഇന്‍സ്റ്റഗ്രാമില്‍ ഇംഗ്ലീഷില്‍ പോസ്റ്റുകള്‍ കഫേ പോസ്റ്റ് ചെയ്യാറുണ്ടെന്നും സെക്‌സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.