'ഇറാൻ തെറ്റ് ചെയ്തു, അതിന് വലിയ വില കൊടുക്കേണ്ടി വരും'; തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു

By: 600007 On: Oct 2, 2024, 4:12 AM

ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിൻ്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രയേൽ എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഇപ്പോൾ സജീവമായ ചർച്ചയിലാണെന്നും നെതന്യാഹുവുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രം​ഗത്ത് വന്നിരുന്നു. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിത്.

സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതൽ ദ്രോഹപ്രവർത്തനങ്ങൾ നടത്താനോ ധൈര്യപ്പെടുകയാണെങ്കിൽ, തുടർന്നും പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. യുഎസിനും ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതെങ്കിലും ശത്രുതാപരമായ നടപടികളിൽ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിംഗ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്നാണ് യുഎസിനുള്ള മുന്നറിയിപ്പ്.