കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതനം ആല്‍ബെര്‍ട്ടയില്‍ 

By: 600002 On: Oct 1, 2024, 10:57 AM

 

 

ഒക്ടോബര്‍ ഒന്ന് മുതല്‍ ഒന്റാരിയോ, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകളില്‍ മിനിമം വേതനം ഉയരുകയാണ്. എന്നാല്‍ 2018 ഒക്ടോബര്‍ ഒന്ന് മുതല്‍ ഇതുവരെ ആല്‍ബെര്‍ട്ടയില്‍ മിനിമം വേതനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ആ വര്‍ഷം കാനഡയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ആല്‍ബെര്‍ട്ടയിലേത്. എന്നാല്‍ ഇപ്പോള്‍ കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതന നിരക്ക് ആല്‍ബെര്‍ട്ടയിലാണ്. പ്രവിശ്യയില്‍ മണിക്കൂറിന് 15 ഡോളറാണ് മിനിമം വേതന നിരക്ക്. 

മണിക്കൂറിന് 17.20 ഡോളറാണ് ഒന്റാരിയോയില്‍ വര്‍ധിച്ചത്. കാനഡയിലെ ഏറ്റവും ഉയര്‍ന്ന മിനിമം വേതന നിരക്ക് ഒന്റാരിയോയിലാണ്. മുമ്പ് കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതനം രേഖപ്പെടുത്തിയ സസ്‌ക്കാച്ചെവനില്‍ നിരക്ക് ഒക്ടോബര്‍ 1 മുതല്‍ മണിക്കൂറിന് 15 ഡോളറായി ഉയര്‍ന്ന് ആല്‍ബെര്‍ട്ടയ്‌ക്കൊപ്പമാകും. 

ആല്‍ബെര്‍ട്ടയില്‍ ലിവിംഗ് വേജ് പ്രധാനമാണ്. മിനിമം വേതനമുള്ള ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ് പ്രവിശ്യയിലെ ആളുകള്‍. ഗ്രോസറി, യൂട്ടിലിറ്റി, മോര്‍ഗേജ്, വാടക, പാര്‍പ്പിട വില എന്നിങ്ങനെ എല്ലാത്തിനും വില ഉയരുകയാണ്. ചെലവ് വര്‍ധിക്കുന്നതോടെ ആളുകള്‍ക്ക് പ്രവിശ്യയില്‍ ജീവിതവും പ്രയാസകരമാകുന്നുവെന്ന്  പബ്ലിക് ഇന്ററസ്റ്റ് ആല്‍ബെര്‍ട്ടയിലെ ബ്രാഡ്‌ലി ലാഫോര്‍ച്യൂണ്‍ പറയുന്നു. പണപ്പെരുപ്പവുമായി ഒത്തുപോകാന്‍ മിനിമം വേതന വര്‍ധന ആവശ്യമാണെന്ന് ആഗ്രഹിക്കുന്നതായി ആല്‍ബെര്‍ട്ട ഫെഡറേഷന്‍ ഓഫ് ലേബര്‍ പ്രസിഡന്റ് ഗില്‍ മക്‌ഗോവന്‍ പറഞ്ഞു. മണിക്കൂറിന് 19 ഡോളര്‍ വര്‍ധനവിനുള്ളില്‍ നിരക്ക് വര്‍ധിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.