അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള( SOWPs) യോഗ്യതാ മാനദണ്ഡങ്ങളില്‍ ഐആര്‍സിസി മാറ്റങ്ങള്‍ വരുത്തി. ഡോക്ടറല്‍, ചില മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍, തെരഞ്ഞെടുത്ത പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍, ചില പൈലറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യതയില്‍ ഐആര്‍സിസി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളില്‍ 50,000 കുറവ് വരുത്തുമെന്നും മില്ലര്‍ വ്യക്തമാക്കി.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള, സ്‌പെഷ്യലൈസ്ഡ് തൊഴിലാളികളുടെ പങ്കാളികളെ മാത്രം ഉള്‍പ്പെടുത്തുന്നതിന് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത പരിമിതപ്പെടുത്താന്‍ പദ്ധതിയിടുന്നതായി ഐആര്‍സിസി പറയുന്നു. ഇതില്‍ സി-സ്യൂട്ട് എക്‌സിക്യൂട്ടീവുകള്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, തൊഴിലാളി ക്ഷാമമുള്ള മേഖലകളിലെ തൊഴിലാളികളുടെ പങ്കാളികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100,000 സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.